തലശ്ശേരി: ഓർമ വെച്ച നാൾ മുതൽ പത്രംവായനയിൽ അതീവ തൽപരയാണ് ന്യൂ മാഹി പഞ്ചായത്തിലെ പുന്നോൽ ആലമ്പത്ത് പുറക്കണ്ടി ആയിഷ. വയസ്സ് 80ൽ എത്തിയിട്ടും ജീവിതചര്യയായി പത്രവായന ഇന്നും മുടങ്ങാതെ തുടരുന്നു. ദിനേനയുള്ള ഓരോ വാർത്തകളും അരിച്ചുപെറുക്കി വായിക്കും. പത്രം അവധിയുള്ള ദിവസം മറ്റു പുസ്തകങ്ങൾ കരുതി വെക്കും.
മുസ് ലിം സ്ത്രീകൾ അധികപേരും വിദ്യാഭ്യാസം നേടാത്ത കാലത്ത് ഇവർ മെട്രിക്കുലേഷന്‍ പഠനം പൂർത്തീകരിച്ചു. ഇംഗ്ലീഷും മലയാളവും അനായാസം എഴുതുകയും വായിക്കുകയും ചെയ്യും. വായനയോടുളള ഭ്രമം ഒന്നു വേറെ തന്നെയാണെന്നാണ് ആയിഷയുടെ അനുഭവം. പത്രങ്ങളിൽ നിന്നാണ് ലോക വിവരങ്ങൾ പലതും നേടാനാവുന്നതെന്ന് അവർ പറയുന്നു.
കൈയിൽ കിട്ടുന്ന പുസ്തകങ്ങൾ ഒന്നും തന്നെ വായിച്ചു നോക്കാതെ കൈവിടാറില്ല. സിലോണിലെ ഭണ്ഡാര നായിഡു ഭരണത്തിൽ അംഗവും മുസ്ലിം ലീഗ് ആദ്യകാല മെംബറുമായിരുന്ന പരേതനായ ഒ.കെ. അബൂബക്കറിന്റെയും പരേതയായ പുറക്കണ്ടി കുഞ്ഞിപാത്തുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ ഒ.കെ. അബ്ദുല്ല. ദുബൈ ദമസ് ജ്വല്ലറി മുൻ മാനേജർ എ.പി. അഷ്റഫ്, എ.പി. അർഷാദ് (തണൽ ഫൗണ്ടേഷൻ ട്രസ്റ്റ് മെംബർ), എ.പി. അനീസ് (ഖത്തർ അൽ മുഫ്ത കമ്പനി ജീവനക്കാരൻ) എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.