തലശ്ശേരി: ലക്ഷങ്ങൾ ചെലവിട്ട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ പലതും നോക്കുകുത്തിയായി. കേടായ കാമറകൾ മാറ്റിസ്ഥാപിക്കുമെന്ന അധികൃതരുടെ ഉറപ്പും ഫലവത്തായില്ല. ആറുവർഷം മുമ്പാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി 40 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. തുടക്കത്തിൽ നന്നായി പ്രവർത്തിച്ചവ പിന്നീട് ഒന്നൊന്നായി കണ്ണടക്കുകയായിരുന്നു.
ജനറൽ ആശുപത്രിക്ക് മുന്നിൽ ടാക്സി കാറുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് കാമറ സ്ഥാപിച്ച തൂൺ വാഹനമിടിച്ച് ചെരിഞ്ഞിട്ട് ഒരു വർഷത്തിലേറെയായി. ഈ തൂണിലെ കാമറ പരിസരത്തെ മരക്കൊമ്പുകളിൽ കുരുങ്ങിക്കിടക്കുകയാണ്. അധികൃതരുടെ കൺവെട്ടത്തുള്ള ഈ കാമറ പോലും മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടായില്ല. പ്രവർത്തനമില്ലാത്ത കാമറയുടെ അറ്റകുറ്റപ്പണികൾ നടത്താൻ നഗരസഭയോ പൊലീസോ താൽപര്യമെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നഗരത്തിൽ കവർച്ചയും മറ്റ് കുറ്റകൃത്യങ്ങളുമുണ്ടാകുമ്പോൾ സ്വകാര്യ സ്ഥാപനങ്ങളുടെ സി.സി.ടി.വി ദൃശ്യമാണ് പൊലീസ് ആശ്രയിക്കുന്നത്. നഗരത്തിൽ സമഗ്രമായ സി.സി.ടി.വി സ്ഥാപിക്കുന്നതിനുള്ള പദ്ധതി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻകൈയെടുത്ത് തയാറാക്കിയിരുന്നു. ഇതുസംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും കാമറ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തതാണ്. പിന്നീട് നടപടികൾ വൈകി. തലശ്ശേരിക്ക് സമീപത്തെ മറ്റു പൊലീസ് സ്റ്റേഷൻ പരിധിയിലെല്ലാം സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് കുറ്റകൃത്യങ്ങൾ കാര്യമായി കണ്ടെത്തുന്നുണ്ടെങ്കിലും വാണിജ്യമേഖലയായ തലശ്ശേരിയിൽ ഇക്കാര്യത്തിൽ അധികൃതർ മുഖം തിരിക്കുന്ന അനുഭവമാണുള്ളത്.
തലശ്ശേരിയിലെ പ്രധാന റോഡുകളിലെല്ലാം വാഹനങ്ങൾ മണിക്കൂറുകളോളം അനധികൃതമായി നിർത്തിയിടുന്നത് തടയാൻ പൊലും പൊലീസിന് ആവുന്നില്ല. നോ പാർക്കിങ്ങ് ബോർഡ് സ്ഥാപിച്ച സ്ഥലങ്ങളിലും വാഹനങ്ങൾ നിരയായി നിർത്തിയിടുന്നത് പതിവുകാഴ്ചയായി. സി.സി.ടി.വി സംവിധാനം കുറ്റമറ്റതാണെങ്കിൽ ഇത് ഒരു പരിധി വരെ തടയാനായേനെ.
വ്യാപാരികൾ അടക്കം അക്രമത്തിനും കവർച്ചക്കും കൊലക്കും ഇരയായ നിരവധി സംഭവങ്ങൾ നടന്ന നഗരമാണിത്. മെയിൻ റോഡിലെ സവിത ജ്വല്ലറി ഉടമ പി.കെ. ദിനേശൻ (52) ജ്വല്ലറിക്കകത്ത് കുത്തേറ്റ് മരിച്ച സംഭവത്തിലെ ഘാതകരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും മാറിമാറി അന്വേഷിച്ചിട്ടും കൊലയാളി ഇപ്പോഴും പരിധിക്ക് പുറത്താണ്. നഗരമധ്യത്തിലെ ഒരു സ്ഥാപനത്തിൽ നടന്ന കൊലപാതകത്തിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനാവാത്ത സംഭവം പൊലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയിരുന്നു. ഒടുവിൽ കേസന്വേഷിച്ച സി.ബി.ഐയും ഫയൽ പൂട്ടിക്കെട്ടിയെന്നാണ് വിവരം.
2019 ജൂലൈയിൽ തലശ്ശേരിയിൽ വ്യാപാരിയെ ആക്രമിച്ച് തങ്കക്കട്ടി തട്ടിയെടുത്ത സംഭവവുമുണ്ടായി. അന്ന് പൊലീസിന് തുണയായത് സ്വകാര്യ സ്ഥാപനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങളാണ്. തലശ്ശേരി മെയിൻ റോഡിലെ അരി മൊത്തവ്യാപാരി എ.കെ. സക്കരിയയുടെ സ്കൂട്ടറിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ട സംഭവത്തിലും പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല. ഗുഡ്സ് ഷെഡ് റോഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിൽ നടന്ന യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സക്കരിയയുടെ പണം അപഹരിക്കപ്പെട്ടത്. ഓഫിസ് കെട്ടിടത്തിെൻറ താഴെയാണ് സ്കൂട്ടർ നിർത്തിയിട്ടിരുന്നത്. മയക്കുമരുന്ന് വ്യാപാരം തഴച്ചുവളർന്നിട്ടും ഫലപ്രദമായ നടപടി കൈക്കൊള്ളാൻ ബന്ധപ്പെട്ടവർക്ക് സാധിക്കുന്നില്ല.
കെ.എം. ജമുനാറാണി -ചെയർപേഴ്സൻ, തലശ്ശേരി നഗരസഭ
നഗരത്തിൽ സ്ഥാപിച് സി.സി.ടി.വി കാമറകളിൽ ഭൂരിഭാഗവും പ്രവർത്തനക്ഷമമല്ലെന്നാണ് അറിഞ്ഞത്. ഇവ മാറ്റി സ്ഥാപിക്കാനുള്ള കാര്യം ആലോചനയിലുണ്ട്.മറ്റെല്ലാ സ്ഥലങ്ങളിലും പൊലീസ് മുൻകൈയെടുത്താണ് കാമറകൾ സ്ഥാപിച്ചത്. പൊലീസിന് സാധിക്കാത്തതാണെങ്കിൽ നഗരസഭ തന്നെ ഇതിന് മുൻകൈയെടുക്കും. പൊലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് ഇതിനുള്ള നടപടി സ്വീകരിക്കും. നഗരത്തിലെ ട്രാഫിക് സംവിധാനം കുറ്റമറ്റതാക്കാനും നടപടിയുണ്ടാകും.
സി.പി.എം നൗഫൽ -ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി തലശ്ശേരി യൂനിറ്റ്
നഗരത്തിൽ സി.സി.ടി.വി സംവിധാനം പൂർണ സജ്ജമാക്കണമെന്നാണ് വ്യാപാരികളുടെയും ആവശ്യം. വ്യാപാരികൾ അടക്കമുള്ളവർ കവർച്ചക്കിരയായ നഗരമാണിത്. അറ്റകുറ്റപ്പണി നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സി.സി.ടി.വി സ്ഥാപിക്കുന്ന കാര്യത്തിലുണ്ട്. ഇതുകൂടി കണ്ടുകൊണ്ടു വേണം നടപ്പിൽ വരുത്തേണ്ടത്. ജനോപകാര പ്രദമായ ഏതു കാര്യത്തിനും വ്യാപാരികളുടെ ഭാഗത്തുനിന്നുള്ള സഹായമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.