തലശ്ശേരി: സി.പി.എം ചാലക്കര ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ.പി. വത്സൻ എന്ന കുമാരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് ആർ.എസ്.എസ് പ്രവർത്തകരെ മാഹി അസി. സെഷൻസ് കോടതി അഞ്ചുവർഷം കഠിനതടവിനും 1500 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.
മാഹി ചാലക്കര സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ കെ. മുരളി (49), പ്രിയ നിവാസിൽ കെ.എം. ത്രിജേഷ് (36), മാഹി ചെമ്പ്രയിലെ കുപ്പി സുബീഷ് എന്ന എമ്പ്രാന്റവിട സുബീഷ് (35), ചാലക്കര ഷൈജു നിവാസിൽ മാരിയന്റവിട സുരേഷ് (37), ന്യൂ മാഹി പുന്നോൽ കുറിച്ചിയിലെ ചീമ്പന്റവിട ഹൗസിൽ ചിന്നു എന്ന ഷിനോജ് (42) എന്നിവരെയാണ് അസി. സെഷൻസ് ജഡ്ജി എസ്. മഹാലക്ഷ്മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. 2007 നവംബർ അഞ്ചിന് വൈകീട്ട് അഞ്ചരക്കാണ് കേസിനാസ്പദമായ സംഭവം. ചാലക്കരയിൽ വ്യാപാരിയായ കെ.പി. വത്സനെ എട്ടംഗ ആർ.എസ്.എസ് സംഘം കടയിൽ കയറി ആക്രമിച്ചെന്നാണ് കേസ്.
ഇടത് കൈപ്പത്തി വെട്ടിമാറ്റുകയും ഇടത് കാലിന്റെ മസിലിനും വലത് കാൽമുട്ടിനും തലക്കും വെട്ടേൽക്കുകയും ചെയ്തു. ദിവസങ്ങളോളം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചാണ് അറ്റുപോയ കൈപ്പത്തി തുന്നിച്ചേർത്തത്.
ഒന്നാം പ്രതി ന്യൂ മാഹി പെരിങ്ങാടി ഈച്ചിയിൽ അനശ്വര നിവാസിൽ ഷമേജ്, മൂന്നാം പ്രതി പുന്നോൽ തളിയാറത്ത് ഹൗസിൽ സുരേഷ് എന്ന പ്രാപ്പിടിയൻ സുരേഷ്, ആറാം പ്രതി പാറാൽ ആച്ചുകുളങ്ങര ജയ നിവാസിൽ തിലകൻ എന്ന ആച്ചുകുളങ്ങര തിലകൻ എന്നിവർ വിചാരണക്കിടെ മരിച്ചു. ശിക്ഷിക്കപ്പെട്ട കുപ്പി സുബീഷ് മൂന്ന് കൊലപാതകമടക്കം നിരവധി കേസിൽ പ്രതിയാണ്.
14 വർഷത്തിനുശേഷവും ശാരീരിക അവശതയിലാണ് വത്സന്റെ ജീവിതം. സംഭവം നടന്ന് നാലാം മാസം അസുഖം ബാധിച്ച് ഭാര്യ മരിച്ചിരുന്നു. ചാലക്കരയിലെ സി.പി.എം പ്രവർത്തകൻ എം.പി. സിദ്ദീഖിന്റെ പരാതിയിലാണ് പള്ളൂർ പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.