തലശ്ശേരി: 158 വർഷത്തിലേറെ പഴക്കമുള്ള തലശ്ശേരി നഗരസഭക്ക് പുതിയ ആസ്ഥാന മന്ദിരം സജ്ജമായി. മലബാറിലെ ആദ്യ നഗരസഭകളിലൊന്നാണ് തലശ്ശേരിയിലേത്. നിർമാണം പൂർത്തിയായത്. അവസാനഘട്ട മിനുക്ക് പണികൾ പുരോഗമിക്കുകയാണ്. നവംബറിൽ കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പിലാണ് നഗരസഭ അധികൃതർ.
നഗരസഭ ഓഫിസായി പ്രവർത്തിക്കുന്ന കെട്ടിടം പൈതൃക മ്യൂസിയമായി സൗന്ദര്യവത്കരിക്കാനാണ് തീരുമാനം. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെക്രട്ടറിയുടെ ഓഫിസും റവന്യു ഓഫിസും പ്രവർത്തിക്കും. ഒന്നാം നിലയിൽ ചെയർമാൻ, സ്ഥിരംസമിതി അധ്യക്ഷന്മാരുടെ ഓഫിസ്, മറ്റ് അനുബന്ധ ഓഫിസുകളുമാണ് പ്രവർത്തിക്കുക. രണ്ടാം നിലയിൽ 75 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാളും സ്ഥിരം സമിതി അധ്യക്ഷന്മാരുടെ ഓഫിസുമാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലവിൽ 52 കൗൺസിലർമാരാണ് നഗരസഭയിലുള്ളത്. ഭാവിയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാവുന്നത് കണക്കിലെടുത്താണ് 75 പേർക്കുള്ള സൗകര്യം കൗൺസിൽ ഹാളിൽ ഒരുക്കിയിരിക്കുന്നത്.
നഗരസഭ നിലവിൽ വന്നത് 1866ൽ
കേരളപ്പിറവി ദിനത്തിലാണ് തലശ്ശേരി നഗരസഭ നിലവിൽ വന്നത്. മലബാറിലെ ആദ്യ നഗരസഭകളിലൊന്നായ തലശ്ശേരിക്ക് ഈ വർഷം 158 വയസ് തികയും. ബ്രിട്ടീഷ് ഭരണകാലത്ത് 1866 നവംബർ ഒന്നിനാണ് നഗരസഭ നിലവിൽ വന്നത്.
മുനിസിപ്പൽ കമീഷൻ എന്നായിരുന്നു ആദ്യ പേര്. മലബാർ കലക്ടറായിരുന്ന ജി.എ. ബല്ലാർഡായിരുന്നു ആദ്യ പ്രസിഡന്റ. 1885 ൽ മുനിസിപ്പൽ കൗൺസിലായി മാറിയപ്പോൾ യൂറോപ്യൻ അഭിഭാഷകൻ എ.എഫ്. ലബറൽ ചെയർമാനായി. നഗരസഭയുടെ തലശ്ശേരിക്കാരനായ ആദ്യ വൈസ് പ്രസിഡന്റ് ചൂര്യായി കണാരനും ആദ്യവനിത അധ്യക്ഷ ലളിത ആർ. പ്രഭുവും.
1880ലാണ് നഗരത്തിന്റെ അതിരുകൾ വിപുലപ്പെടുത്തിയത്. വടക്ക് കൊടുവള്ളിപ്പാലം മുതൽ തെക്ക് മൈലാൻ കുന്ന് വരെയും പടിഞ്ഞാറ് കടലോരം മുതൽ കിഴക്ക് എരഞ്ഞോളി പുഴ വരെയുമായിരുന്നു അന്നത്തെ നഗരസഭ പ്രദേശം. തലായി, കുന്നോത്ത്, മണ്ണയാട്, കാവുംഭാഗം, വയലളം ദേശങ്ങൾ 1961 ൽ നഗരസഭയോട് കൂട്ടിച്ചേർത്തു.
കോടിയേരി പഞ്ചായത്ത് നഗരസഭയോട് ലയിപ്പിച്ചപ്പോഴാണ് അംഗങ്ങളുടെ എണ്ണം 52 ആയി ഉയർന്നത്. അസിസ്റ്റന്റ് കലക്ടർമാരായ കെ.ജെ. മാത്യു, അജയകുമാർ, സബ് കലക്ടർമാരായ ജി. ഏലിയാസ്, എ.കെ. ദുബെയ്, ആർ.ഡി.ഒ കുരുവിള ജോൺ എന്നിവർ തലശ്ശേരി നഗരസഭയുടെ അധ്യക്ഷപദവി അലങ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.