തലശ്ശേരി: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകളും തോരണങ്ങളും കെട്ടുന്നതിന് നഗരസഭ നിയന്ത്രണം ഏർപ്പെടുത്തിയിട്ടും രാഷ്ട്രീയ പാർട്ടികൾ ലംഘിക്കുന്നതായി ആക്ഷേപം.
പരിപാടികൾ കഴിഞ്ഞ് ദിവസങ്ങളും മാസങ്ങളും പിന്നിട്ടെങ്കിലും ബോർഡുകൾ നീക്കം ചെയ്യാൻ ആരും കൂട്ടാക്കുന്നില്ല. നഗരസഭ ഭരിക്കുന്ന ഇടതുപക്ഷ പാർട്ടി ഉൾപ്പെടെയുളളവർ സ്ഥാപിച്ച ബോർഡുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇനിയും നീക്കം ചെയ്തിട്ടില്ല. ഇത് പലയിടത്തും ഗതാഗതത്തിന് വിഘ്നം സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ വെളളിയാഴ്ച രാഷ്ട്രീയ പാർട്ടികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നഗരസഭ പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകളും തോരണങ്ങളും കെട്ടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയുള്ള തീരുമാനമെടുത്തത്. അനുവദനീയമായ സ്ഥലങ്ങളിൽ വെക്കുന്ന പ്രചാരണസാമഗ്രികൾ പരിപാടി കഴിഞ്ഞ് പരമാവധി രണ്ടു ദിവസത്തിനുള്ളിൽ സ്വമേധയാ നീക്കം ചെയ്യണമെന്നാണ് തീരുമാനം.
രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ പരസ്യബോർഡ് വെക്കുന്നതിന് മുൻകൂട്ടി നഗരസഭയുടെ അനുവാദം വാങ്ങണമെന്നും വ്യവസ്ഥയുണ്ട്. ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ ബന്ധപ്പെട്ടവർ തന്നെ ഉടൻ സ്വന്തം ഉത്തരവാദിത്തത്തിൽ മാറ്റണമെന്നും തീരുമാനമുണ്ട്.
എന്നാൽ, ലോകകപ്പ് ബോർഡുകൾ പലയിടത്തും ഇനിയും നീക്കിയിട്ടില്ല. ചിറക്കര ജങ്ഷനിൽ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ലോകകപ്പ് ബോർഡ്, ബാലസംഘം സാംസ്കാരിക ഘോഷയാത്ര ബോർഡ്, തലശ്ശേരി ഹെറിറ്റേജ് റൺ പ്രചാരണ ബോർഡ്, ഭാരത് ജോഡോ യാത്ര പ്രചാരണ ബോർഡ് എന്നിങ്ങനെ നിറഞ്ഞിരിക്കുകയാണ്. പരിപാടികൾ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടവയാണിവ.
ബോർഡുകൾ നീക്കിയില്ലെങ്കിൽ പൊലീസ് കേസുൾെപ്പടെ നിയമനടപടി നേരിടേണ്ടിവരുമെന്ന നഗരസഭയുടെ തീരുമാനം ഇവിടെ പൂർണമായും ലംഘിക്കപ്പെടുകയാണ്.
പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നീക്കം ചെയ്യാനും നടപടിയുണ്ടായില്ല. ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തിലാണ് രാഷ്ട്രീയ പാർട്ടികൾ കൊടികൾ ഉയർത്തിയിട്ടുള്ളത്. ഈ കൈയേറ്റങ്ങൾക്കെല്ലാം പൊലീസും നഗരസഭയും മൗനാനുവാദം നൽകുകയാണ്.
ഹൈമാസ്റ്റ് -ലോമാസ്റ്റ് ലൈറ്റുകളുടെ തൂണുകളിലും രാഷ്ട്രീയ പാർട്ടികളും സംഘടനകളും കൊടികളും ബോർഡുകളും കെട്ടുന്നത് പതിവുകാഴ്ചയാണ്. എന്നാൽ, നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ വിമുഖത കാണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.