തലശ്ശേരി: കത്തുന്ന വെയിലിലും തളരാത്ത ആവേശത്തോടെയാണ് വടകര ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തലശ്ശേരി മേഖലയിലെ ബുധനാഴ്ചത്തെ പര്യടനം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വാഹനത്തിൽ നിന്നിറങ്ങി വോട്ടർമാരെ ഹസ്തദാനം ചെയ്യുമ്പോൾ പുഞ്ചിരിയോടെ ഒരു വാക്ക്: ‘നിങ്ങളുടെ ഒരു വോട്ട് എനിക്ക്, ജയിച്ചാൽ ഞാൻ നിങ്ങളോടൊപ്പമുണ്ടാകും. ഉറപ്പിക്കാമല്ലോ...’
കാണുന്നവരോടെല്ലാം പേരും നാടും ചോദിച്ച് നാട്ടുകാരിലൊരാളായി മാറുകയാണ് ഷാഫി പറമ്പിൽ. തലശ്ശേരി നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനമായിരുന്നു ഇന്നലെ. രാവിലെ ഒമ്പതിന് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഗുരുദേവ സന്നിധിയില്‍നിന്ന് സർവമത പ്രാര്‍ഥനയോടെയാണ് പര്യടന തുടക്കം. ക്ഷേത്രത്തിലെ ഗുരുദേവ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയ സ്ഥാനാര്‍ഥിയെ സ്വാമി പ്രേമാനന്ദയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് മഞ്ഞോടിയില്‍ സ്വീകരണം. മൈക്ക് പ്രചാരണ വാഹനത്തിന്റെ അകമ്പടിയിൽ തുറന്ന വാഹനത്തിലായിരുന്നു വോട്ടർമാരെ കാണാൻ സ്ഥാനാർഥിയെ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ആനയിച്ചത്.
യൂത്ത് ലീഗ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടികൾ വാനിലുയർത്തി ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി സ്ഥാനാർഥിക്ക് പിന്നാലെ നീങ്ങിയതോടെ റോഡ് ഷോയുടെ പരിവേഷമായി. വിവിധ കേന്ദ്രങ്ങളിലെ ആവേശകരമായ സ്വീകരണത്തിനിടയിൽ പ്രസംഗിക്കാനും സ്ഥാനാർഥി സമയം കണ്ടെത്തി.
മഞ്ഞോടിയിലെ സ്വീകരണത്തിൽ എ.കെ. ആബൂട്ടി ഹാജി അധ്യക്ഷതവഹിച്ചു. അഡ്വ. സി.ടി. സജിത്ത്, റഹ്ദാദ് മൂഴിക്കര, അഡ്വ. കെ.എ. ലത്തീഫ്, സജീവ് മാറോളി, ഇ. വിജയകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ഇല്ലത്ത്താഴെ, കുട്ടിമാക്കൂല്‍, പെരിങ്കളം, കീഴന്തിമുക്ക്, ചിറക്കര, കോമത്ത്പാറ വഴി കൊളശ്ശേരിയിലായിരുന്നു അടുത്ത സ്വീകരണം.
കൊളശ്ശേരി ബസാറില്‍ പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണമൊരുക്കി. തുടർന്ന് ഇടത്തിലമ്പലം, ഇല്ലിക്കുന്ന്, നമ്പ്യാര്‍പീടിക വഴി നിട്ടൂര്‍ ഗുംട്ടിയിലേക്ക്. ഇവിടെ കാത്തിരിക്കുകയായിരുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ഷാള്‍ അണിയിച്ചും ബൊക്കെ നല്‍കിയും സ്ഥാനാർഥിയെ ഹർഷാരവത്തോടെ സ്വീകരിച്ചു.
വഴിയോരങ്ങളിലെല്ലാം കുട്ടികളും സ്ത്രീകളും മാലയും ബൊക്കെയുമായി ഷാഫി പറമ്പിലിനെ കാണാന്‍ റോഡിനിരുവശവും കാത്തിരിപ്പായിരുന്നു. സെല്‍ഫിയെടുത്തും കുശലംപറഞ്ഞും സ്ഥാനാർഥി നാട്ടുകാരിലൊരാളായിമാറി. വടക്കുമ്പാട് കൂളിബസാറിലും വന്‍ ജനക്കൂട്ടമാണ് മുദ്രാവാക്യത്തോടെ വരവേറ്റത്.
പെരുന്താറ്റില്‍, നാലാം മൈല്‍, അഞ്ചാം മൈല്‍, ചൂള, പൊന്ന്യം പാലത്ത് എത്തിയപ്പോഴും സ്വീകരിക്കാൻ ആളുകൾ ചുറ്റുംകൂടി. ചമ്പാട് താര ജങ്ഷനില്‍ പിഞ്ചുബാലന് തൊപ്പിയും കണ്ണടയുമണിഞ്ഞ് കാറിന് മുകളില്‍ കയറി പോസ്റ്റര്‍ ഉയര്‍ത്തി സ്ഥാനാര്‍ഥിയെ സ്വീകരിച്ചത് ശ്രദ്ധേയമായി. മനേക്കര, പാറാല്‍, ഈയ്യത്തുംകാട്, ചൊക്ലി എന്നിവിടങ്ങളിലെ പ്രചാരണത്തിനുശേഷം വൈകീട്ട് മോന്താലില്‍ പര്യടനം സമാപിച്ചു.
സാധാരണക്കാരുടെ ജീവിതത്തെപ്പറ്റി ചിന്തിക്കുന്നവർ തനിക്ക് വോട്ട് ചെയ്യുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളിന് പണം നൽകുന്നവർക്ക് 40 രൂപ നികുതിയാണ്. നികുതിയുടെ ഊറ്റലാണ് ഇവിടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നത്. പെന്ഷന് അവകാശമല്ല, ഔദാര്യമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
പെന്ഷന് ഔദാര്യമാണെന്ന് പറഞ്ഞവരെ ഇനിയും നിങ്ങള്‍ നെഞ്ചേറ്റണമോയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്ന് ഷാഫി ‘മാധ്യമ’ത്തോട് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെ ഇകഴ്ത്തിയെന്ന് പറഞ്ഞ് പാവപ്പെട്ട തൊഴിലാളികളെ എനിക്ക് നേരെ ഇറക്കിയവര്‍ ആദ്യം പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട കുടിശ്ശികയുള്ള പെന്ഷന് കൊടുത്തുതീര്‍ക്കുകയാണ് വേണ്ടതെന്നും ഷാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.