തലശ്ശേരി: നഗരത്തിലെ പ്രധാന കവലകളിൽ സീബ്രലൈൻ വരക്കാൻ ഒടുവിൽ നഗരസഭ തയാറായി. നഗരസഭയുടെ പുതിയ കെട്ടിടോദ്ഘാടനത്തിന് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിന്റെ മുന്നൊരുക്കമായാണ് നഗരസഭാധികൃതർ ധൃതിപിടിച്ച് സീബ്ര ലൈൻ വരക്കാൻ തയാറായതെന്നാണ് സംസാരം.
എന്നാൽ, ടൗണിലെ പ്രധാന വിദ്യാലയങ്ങൾക്ക് മുന്നിൽ സീബ്ര ലൈനില്ലാത്തത് കുട്ടികളുടെ ജീവന് ഭീഷണി ഉയർത്തുകയാണ്. ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾക്കിടയിൽ നിന്ന് കഷ്ടിച്ചാണ് കുട്ടികളടക്കമുള്ളവർ റോഡ് മുറിച്ചുകടക്കുന്നത്. ട്രാഫിക് പൊലീസുകാരുടെ സഹായവും തിരക്കുള്ള സമയങ്ങളിൽ ലഭ്യമല്ല. സീബ്ര ലൈനില്ലാത്തതിനാൽ ആളുകൾക്ക് റോഡ് മുറിച്ചുകടക്കാൻ പ്രയാസമാകുന്നത് നഗരസഭ കൗൺസിൽ യോഗങ്ങളിൽ പലപ്പോഴും അംഗങ്ങൾ തന്നെ ആക്ഷേപമുയർത്തിയിരുന്നു. എന്നാൽ നടപടി നീളുകയായിരുന്നു. സ്റ്റേഡിയം കവല, സബ് ട്രഷറി പരിസരം, ചിറക്കര ഹയർസെക്കൻഡറി സ്കൂൾ പരിസരം, തിരുവങ്ങാട് സ്കൂൾ പരിസരം, കീഴന്തിമുക്ക്, മഞ്ഞോടി, മുബാറക്ക സ്കൂൾ പരിസരം തുടങ്ങി നഗരത്തിലെ 17 കേന്ദ്രങ്ങളിലാണ് ഞായറാഴ്ച സീബ്ര ലൈൻ വരച്ചത്.
നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നുളള 2,11,000 രൂപയാണ് ഇതിനായി ചിലവഴിച്ചത്. സീബ്ര ലൈൻ വരഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും മഴ പെയ്തതിനാൽ ഇതിന്റെ കാലദൈർഘ്യം എത്രയുണ്ടാകുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.