കണ്ണൂർ: തെരുവുനായ്ക്കൾ പെരുകുന്നത് തടയാൻ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി ഫലപ്രദമാകുന്നില്ല. നിയമപ്രകാരം വന്ധ്യംകരണം മാത്രമാണ് തെരുവുനായ് പെരുകുന്നത് തടയാൻ മാർഗം. എന്നാൽ 2017ൽ ജില്ലയിൽ പദ്ധതി തുടങ്ങിയെങ്കിലും 9208 നായകളെ മാത്രമാണ് വന്ധ്യംകരിച്ചത്. മുപ്പതിനായിരത്തോളം തെരുവുനായ്ക്കൾ ജില്ലയിലുണ്ടെന്നാണ് ജില്ല പഞ്ചായത്തിന്റെ കണക്ക്. ഇത്രയും നായകളെ വന്ധ്യംകരിക്കൽ പ്രായോഗികമല്ല. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി നൽകണമെന്നാണ് ജില്ല പഞ്ചായത്ത് നിലപാട്.
കഴിഞ്ഞ ഒക്ടോബറിലാണ് ഊരത്തൂരിൽ പുതിയ എ.ബി.സി കേന്ദ്രം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച വരെ 1904 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. നായളെ പിടിക്കാൻ ആളെക്കിട്ടാത്തതും ഡോക്ടർമാരുടെ കുറവും കേന്ദ്രത്തിന്റെ പ്രവർത്തനം തുടക്കത്തിൽ മെല്ലെപ്പോക്കിലാക്കിയിരുന്നു. ജില്ലയിലെ തെരുവുനായ്ക്കളെ വന്ധ്യംകരണത്തിനായി പിടികൂടാനായി തദ്ദേശീയരെ ലഭിക്കാതായപ്പോൾ നേപ്പാളിൽനിന്നാണ് നായ്പിടുത്തക്കാരെ എത്തിച്ചത്.
എ.ബി.സി കേന്ദ്രത്തിൽ വന്ധ്യംകരണത്തിനായി ഒരു സംഘം മാത്രമാണ് പ്രവർത്തിക്കുന്നത്. വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി, നാല് നായപിടുത്തക്കാർ എന്നിവർ അടങ്ങുന്നതാണ് സംഘം. നേരത്തെ രണ്ട് സംഘമുണ്ടായിരുന്നു. എന്നാൽ, 48 കൂടുകൾ മാത്രമാണ് ഇവിടെയുള്ളത്. ഈ സാഹചര്യത്തിൽ ഒരുസംഘത്തിന്റെ പ്രവർത്തനം മാത്രമേ ആവശ്യമുള്ളൂ. 50 കൂടുകൾ കൂടി സ്ഥാപിക്കാൻ ജില്ല പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ട്.
ഇതിന്റെ നിർമാണം ഉടൻ പൂർത്തിയാക്കും. ഇതോടെ പുതിയ സംഘത്തെ നിയമിക്കുകയും വാഹനം ഏർപ്പാടാക്കുകയും ചെയ്യും. ' ഓരോ പ്രദേശത്തെയും നായ്ക്കളുടെ എണ്ണത്തിനനുസരിച്ച് രണ്ട് ബ്ലോക്കുകൾക്ക് ഒരെണ്ണമെന്ന നിലയിൽ ഓപ്പറേഷൻ തിയേറ്ററും നായ്ക്കളെ പാർപ്പിക്കാനുള്ള കേന്ദ്രവും ഒരുക്കണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, സ്ഥലം കണ്ടെത്തൽ പ്രധാന വെല്ലുവിളിയാണ്. ജില്ലയിൽ കണ്ണൂർ കോർപറേഷൻ, കോട്ടയം പഞ്ചായത്ത്, ഇരിക്കൂർ ബ്ലോക്ക്, മട്ടന്നൂർ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തിയെങ്കിലും സ്ഥലം കണ്ടെത്താനായില്ല.
തലശ്ശേരിയിലെ എ.ബി.സി കേന്ദ്രം പുനരാരംഭിക്കാൻ ശ്രമം നടന്നെങ്കിലും ജനകീയപ്രതിഷേധത്തെ തുടർന്ന് നടന്നില്ല. പൊതുവിഭാഗ വികസനഫണ്ടും തനത് ഫണ്ടും ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ എ.ബി.സി പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.