കണ്ണൂർ: പെരുന്നാൾ പടിവാതിൽക്കലെത്തിയതോടെ നാടും നഗരവും തിരക്കിലേക്ക്. ഈദുൽ ഫിത്റിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പെരുന്നാൾകോടിയും സാധനങ്ങളും മറ്റും വാങ്ങാനുള്ള തിരക്കിലാണ് വിശ്വാസികൾ. വസ്ത്രവിപണിയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. കടകളും വഴിയോരക്കച്ചവടവുമെല്ലാം ആളുകളെ വരവേൽക്കാനായി ഉണർന്നുകഴിഞ്ഞു. ഈസ്റ്ററും വിഷുവും പെരുന്നാളും ഒരുമിച്ച് വന്നതിനാൽ ഇത്തവണ പുത്തനുണർവാണ് വസ്ത്രവ്യാപാര മേഖലയിലുണ്ടായിട്ടുള്ളതെന്ന് വ്യാപാരികൾ പറയുന്നു. നഗരത്തിലെ വസ്ത്രാലയങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പല വിലകളിലും ഡിസൈനിലുമുളള വസ്ത്രങ്ങൾ കടകളിൽ വിൽപനക്കായെത്തിയിട്ടുണ്ട്.
കാലത്തിനും ആളുകളുടെ മനോഭാവത്തിനും അനുസരിച്ച് ഫാഷൻ, ഭംഗി, ലാളിത്യം എന്നിവ ഒത്തിണങ്ങിയ വസ്ത്രങ്ങളാണ് വിറ്റഴിയുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കും യുവാക്കൾക്കും ട്രൻഡിനനുസരിച്ചുള്ള പുത്തൻ വസ്ത്രങ്ങൾ വിപണിയിലുണ്ട്. പല കടകളിലും ഇവക്കായി പ്രത്യേകം വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് സാരിയും ചുരിദാറും കുർത്തയും ലാച്ചയും പാശ്ചാത്യ വസ്ത്രങ്ങളും കുട്ടികൾക്ക് ജീൻസും വ്യത്യസ്ത തരത്തിലുളള ടോപ്പുകളുമാണ് കൂടുതലായും വിറ്റുപോകുന്നത്. 300 രൂപ മുതൽ സാരികളും ടോപ്പുകളും ലഭ്യമാണ്. പുരുഷന്മാർക്ക് കളർ ജീൻസിനോടാണ് പ്രിയം. ഇവയുടെ വില 500ൽ തുടങ്ങി 3000 വരെയാണ്. ബ്രാന്റുകൾ മാറുമ്പോൾ വിലയും ഉയരും. ഷർട്ടുകളും ടീഷർട്ടുകളും 200 രൂപ മുതൽ ലഭ്യമാണ്. ജില്ലയിലെ വിവിധ നഗരങ്ങളിൽ പെരുന്നാളിനോടനുബന്ധിച്ച് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചൂട് 40 ഡിഗ്രി സെൽഷ്യസിലേക്കെത്തുമ്പോൾ പകൽ സാധനങ്ങൾ വാങ്ങിക്കാൻ പുറത്തിറങ്ങുന്നവരുടെ എണ്ണം കുറവാണ്. എന്നാൽ, വൈകുന്നേരത്തോടെ കവലകൾ സജീവമാകുകയാണ്. തെരുവുകച്ചവടവും പൊടിപൊടിക്കുന്നു. ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.