കണ്ണൂർ: പേരാവൂർ താലൂക്ക് ആശുപത്രി പരിസരത്ത് വർഷങ്ങളായി പൊതുജനങ്ങൾ ഉപയോഗിച്ചുവരുന്ന വഴി പൊതുവഴി തന്നെയാണെന്ന് പേരാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. റോഡ് ഏറ്റെടുത്ത് പഞ്ചായത്ത് രാജ് നിയമം 169 പ്രകാരം പൊതുവഴിയായി സംരക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം റിപ്പോർട്ട് നൽകി.എന്നാൽ, വഴി നാട്ടുകാർക്ക് തുറന്നു കൊടുക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടില്ല.
വിഷയം കൂത്തുപറമ്പ് മുൻസിഫ് കോടതിയുടെ പരിഗണനയിലായതിനാലാണ് മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം ഇടപെടാൻ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വിസമ്മതിച്ചത്. അതേസമയം, റോഡ് പൊതുവഴിയല്ലെന്നും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാവില്ലെന്നും ആശുപത്രി സൂപ്രണ്ട് കമീഷനെ അറിയിച്ചു.
റോഡ് പൊതുവഴിയായി സംരക്ഷിക്കാൻ പേരാവൂർ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും ആശുപത്രി സൂപ്രണ്ടിന്റെയും റിപ്പോർട്ടുകൾ കമീഷൻ വാങ്ങി. ആശുപത്രി കോമ്പൗണ്ടിലെ റോഡ് പരിസരവാസികളും പൊതുജനങ്ങളും വർഷങ്ങളായി ഉപയോഗിച്ചുവരുന്നതാണ്.
എന്നാൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ റോഡ് ഉൾപ്പെട്ടിട്ടില്ലെന്ന് സെക്രട്ടറി കമീഷനെ അറിയിച്ചു. ആറളം ഫാം ഉൾപ്പെടുന്ന 50 ഓളം ആദിവാസികോളനിയിലെ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമായതിനാൽ ആശുപത്രിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടു.
കോവിഡ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന സ്ഥലം പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന ആവശ്യം കോടതി തള്ളിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ആശുപത്രി സൂപ്രണ്ടും കമീഷനിൽ ഹാജരായി കോടതിയിൽ കേസ് ഇപ്പോഴും തുടരുകയാണെന്ന് അറിയിച്ചു. ആശുപത്രിക്ക് സമീപം താമസിക്കുന്ന മിനിക്കൽ ഖാദർ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.