എടക്കാട്: ദേശീയപാത നിർമാണം പുരോഗമിക്കവെ റോഡപകടങ്ങൾ വർധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. നിലവിൽ എടക്കാട് മുതൽ മുഴപ്പിലങ്ങാട് മഠം വരെയാണ് ആറുവരിപ്പാതയുടെ പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. നിലവിലുള്ള ദേശീയപാതയുടെ ഇരുവശത്തേക്കും വ്യാപിപ്പിച്ചു കൊണ്ടാണ് പുതിയ റോഡിന്റെ നിർമാണം. മുമ്പുണ്ടായിരുന്ന രണ്ടു വരിപ്പാതയും ചേർത്താണ് സർവിസ് റോഡുകളടക്കം പുതിയ ആറുവരിപ്പാതയുടെ നിർമാണം നടക്കുന്നത്. പണി പുരോഗമിക്കുന്നതനുസരിച്ച് ഗതാഗതം പുതിയ റോഡുവഴി തിരിച്ചുവിടുന്നിടത്താണ് അപകടവും ഉണ്ടാവുന്നത്.
എടക്കാടും മുഴപ്പിലങ്ങാട്ടും ഹൈവേ പ്രവൃത്തികൾ ആരംഭിച്ച ശേഷം നിരവധിപേരാണ് വാഹനാപകടത്തിൽ പെട്ടത്. വേണ്ടത്ര അടയാളങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തത് കാരണം വാഹനങ്ങൾ തോന്നിയ പോലെയും അമിതവേഗതയിലുമാണ് പോകുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം എടക്കാട് പൊലീസ് സ്റ്റേഷനടുത്ത് ഉണ്ടായ അപകടത്തിൽ ഒരു യുവതി മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വീതികൂടിയ റോഡിൽ കൂടി അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് എതിർദിശയിലൂടെ വരികയായിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പണിതു കൊണ്ടിരിക്കുന്ന പുതിയ റോഡിന്റെ വശങ്ങളും വീതിയും ഡ്രൈവർമാർക്ക് മനസ്സിലാകാൻ തരത്തിൽ അടയാളങ്ങൾ ഇല്ലാത്തതാണ് പ്രധാന പ്രശ്നം.
റെയിൽവേ സ്റ്റേഷന് മുന്നിലെ ഒരുഭാഗത്തെ അടിപ്പാതയുടെ പണി തീർന്നതോടെ മറുഭാഗം റോഡ് അടച്ച് പുതിയ റോഡിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇവിടെനിന്നും കുളം ബസാറിലെത്തുമ്പോൾ റോഡ് ചുരുങ്ങി ഒറ്റവരിപ്പാതയിലൂടെയാണ് കടന്നു പോവുക.
ഇത്തരം മാറ്റങ്ങൾ ഡ്രൈവർമാർക്ക് തിരിച്ചറിയാനുള്ള സംവിധാനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഗൗനിക്കാതെ കുതിച്ചുപായുന്ന വാഹനങ്ങളെ കടിഞ്ഞാണിടാനും റോഡ് മുറിച്ചു കടക്കാനും മറ്റും പ്രയാസപ്പെടുന്ന കാൽനടക്കാരെ സഹായിക്കാനും പൊലീസ് സാന്നിധ്യം സ്ഥിരമായി വേണമെന്നും ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.