കണ്ണൂർ: സിവിൽ സ്റ്റേഷനിലെ ജൈവമാലിന്യങ്ങൾ തുമ്പൂർമുഴിയിലൂടെ ഇനി ജൈവവളമായി മാറും. ഗ്രീൻ ആൻഡ് ക്ലീൻ സിവിൽ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് ജൈവമാലിന്യ സംസ്കരണ സംവിധാനമായ തുമ്പൂർമുഴി സ്ഥാപിച്ചത്.
പ്രതിദിനം 50 കിലോഗ്രാം വീതം 20 ദിവസംകൊണ്ട് 4,000 കിലോ ജൈവ മാലിന്യം സംസ്കരിക്കാവുന്ന നാല് തുമ്പൂർമുഴി കൂടുകളാണ് കണ്ണൂർ കോർപറേഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ചത്.
ഭക്ഷണ മാലിന്യം ഉൾപ്പെടെയുള്ള മുഴുവൻ ജൈവമാലിന്യങ്ങളും തുമ്പൂർമുഴി കമ്പോസ്റ്റിങ്ങിലൂടെ വളമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷനും ശുചിത്വമിഷനും ചേർന്ന് കലക്ടറേറ്റിലെ പാർട്ട് ടൈം സ്വീപ്പർമാർ, നോഡൽ ഓഫിസർമാർ എന്നിവർക്ക് തുമ്പൂർമുഴി കമ്പോസ്റ്റിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജൈവമാലിന്യ സംസ്കരണത്തിന്റെ ഏറ്റവും മികച്ച രീതിയാണ് തുമ്പൂർമുഴി. ഓഫിസുകളിൽനിന്നുമുള്ള ജൈവമാലിന്യങ്ങൾ പാർട്ട് ടൈം സ്വീപ്പർമാരുടെ സഹായത്തോടെ ശേഖരിച്ച് അവ തുമ്പൂർമുഴിയിൽ നിക്ഷേപിച്ച് എങ്ങനെ വളമാക്കി മാറ്റാം, ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കേണ്ടതിന്റെ ശാസ്ത്രീയ വശങ്ങൾ എന്നിവയെ കുറിച്ചുള്ള പ്രായോഗിക പരിശീലനം ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഇ. മോഹനൻ നൽകി. തുമ്പൂർമുഴി വഴി ഉൽപാദിപ്പിക്കുന്ന ജൈവവളം സിവിൽ സ്റ്റേഷൻ വളപ്പിൽ സജ്ജമാക്കുന്ന പച്ചക്കറിത്തോട്ടത്തിനായി ഉപയോഗിക്കാനാണ് തീരുമാനം. ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരിച്ചു. കലക്ടറേറ്റ് സർജന്റ് പ്രേമരാജൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.