കണ്ണൂർ: ഹൈകോടതി ഉത്തരവുണ്ടായിട്ടും ക്ഷേമ പെൻഷനുകൾ വീടുകളിലെത്തിച്ചവർക്ക് ഇൻസന്റീവ് കുടിശ്ശിക എന്ന് കിട്ടും?... സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്പ പിരിവുകാരടക്കം താഴെ തട്ടിലുള്ള ജീവനക്കാർക്ക് നൽകേണ്ട ഇൻസന്റീവ് കുടിശ്ശിക അനുവദിച്ചില്ലെന്നാണ് പരാതി ഉയരുന്നത്.
2021 ഒക്ടോബർ മുതലുള്ള വിതരണ ഇൻസന്റീവ് കുടിശ്ശികയായിരിക്കെ 2023 ജനുവരിയിൽ മുൻകാല പ്രാബല്യം നൽകി വെട്ടിക്കുറച്ച ധനവകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് കോഓപറേറ്റീവ് ബാങ്ക്സ് ഡെപോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ച് കുടിശ്ശിക തീർത്തു നൽകണമെന്ന് ഒക്ടോബർ 18ന് ഇടക്കാല ഉത്തരവിട്ടത്.
ഒരു മാസമാവാറായിട്ടും ഇതിൽ നടപടിയുണ്ടായില്ലെന്നാണ് വിതരണരംഗത്തുള്ളവരുടെ പരാതി. ഡയറക്ടുടു ഹോം പദ്ധതി തുടങ്ങിയ 2016 മുതൽ വിതരണം ചെയ്യുന്ന പെൻഷന് ആളൊന്നിന് 50 രൂപ നിരക്കിലായിരുന്നു സർക്കാർ ഇൻസന്റീവ് അനുവദിച്ചിരുന്നത്. ഇതിൽ 40 രൂപ വിതരണം ചെയ്യുന്ന ജീവനക്കാർക്കും എട്ട് രൂപ സംഘത്തിനും രണ്ടു രൂപ ഡേറ്റാ എൻട്രി ചെയ്യുന്ന സംഘത്തിലെ സ്ഥിരം ജീവനക്കാർക്കുമായിരുന്നു.
എന്നാൽ ഒന്നര വർഷത്തോളം ഇൻസന്റീവ് കുടിശ്ശികയായിരിക്കെ 2023 ജനുവരിയിൽ മുൻ കാല പ്രാബല്യം നൽകി 30 രൂപയാക്കി വെട്ടിക്കുറച്ചു. പുതിയ നിരക്ക് പ്രകാരം വിതരണക്കാർക്ക് ആളൊന്നിന് 25 രൂപയും സംഘത്തിന് അഞ്ചു രൂപയുമായിരിക്കും ലഭിക്കുക.
ഇത് ചോദ്യം ചെയ്ത് ജീവനക്കാരുടെ സംഘടനകൾ ഹൈകോടതിയിൽ ഹരജി നൽകിയത് മറയാക്കി സർക്കാർ കുടിശ്ശികയും നിഷേധിക്കുകയായിരുന്നു. ശേഷം പുതിയ നിരക്കിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഓരോ ഗഡു വീതം നൽകിയെങ്കിലും കുടിശ്ശിക വിതരണം ചെയ്തില്ല. കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം 2021 ഒക്ടോബർ മുതലുള്ള കുടിശ്ശിക തീർത്ത് പുതിയ നിരക്കിൽ നൽകണം. അത് പോലും സർക്കാർ നൽകിയില്ലെന്നാണ് വിതരണ രംഗത്തുള്ളവരുടെ പരാതി.
സർക്കാറിന്റെ അഭിമാന പദ്ധതിയടക്കം വിജയിപ്പിച്ചു നൽകുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടും തങ്ങൾ അവഗണിക്കപ്പെടുകയും നിരന്തര പീഡനത്തിനും ചൂഷണത്തിനും ഇരയാവുകയാണെന്നാണ് പരാതി. 70-ാം സഹകരണ വാരാഘോഷത്തിന് തുടക്കമാവുന്ന വേളയിലെങ്കിലും ഇതേ കുറിച്ച് സഹകാരികൾ ചർച്ച ചെയ്യണമെണാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.