മാസങ്ങൾക്കു മുമ്പുള്ള വിശേഷമാണ്. പയ്യന്നൂരിൽനിന്നുള്ള ഒരാൾ കണ്ണൂർ കോർപറേഷൻ ഓഫിസിലെത്തുന്നു. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യനീക്കം ഏറ്റെടുക്കാൻ തയാറാണ് എന്നാണ് അയാൾ അറിയിച്ചത്. തമിഴ്നാട്ടിലെ ഒരു കമ്പനിക്കു വേണ്ടിയുള്ള ഇടനിലക്കാരനാണ് അയാൾ. കുറേ നേരം കഴിഞ്ഞപ്പോൾ അദ്ദേഹം അക്കാര്യം തീർത്തു പറഞ്ഞു -‘ വേസ്റ്റ് അല്ല, സ്വർണമാണ് സാറേ ഇത്’. മാലിന്യക്കരാർ ചോദിച്ച് മേയറെയും സെക്രട്ടറിയെയും തുടങ്ങി പലരെയും ഇടനിലക്കാർ വന്നുകാണും.
ഇത് കണ്ണൂരിൽ മാത്രമുള്ള കാര്യമല്ല. എല്ലായിടത്തും മാലിന്യസംസ്കരണത്തിൽ അപാര താൽപര്യമാണ് കമ്പനികൾക്ക്. പല ഓഫറുകളും കമ്പനികൾ മുന്നോട്ടുവെക്കും. ചിലർ വേണ്ടപ്പെട്ടവരെ വേണ്ടപോലെ കാണും. മാലിന്യത്തിൽനിന്ന് വൈദ്യുതിയുണ്ടാക്കാമെന്ന നിർദേശമാണ് ബ്ലു പാനെറ്റ് കമ്പനി കണ്ണൂരിൽ മുന്നോട്ടുവെച്ചത്.
ട്രഞ്ചിങ് ഗ്രൗണ്ടിലെ ഭൂമി കമ്പനിക്ക് കൈമാറണമെന്ന നിബന്ധന കമ്പനി മുന്നോട്ടുവെച്ചു. ഈ ഭൂമി പണയപ്പെടുത്തി ലോൺ തരപ്പെടുത്താവുന്ന വിധമാണ് വ്യവസ്ഥകൾ. ഇതുകേട്ടതോടെ ചർച്ച അവിടെ അവസാനിപ്പിച്ചു.
സോൻഡ വന്ന വഴിയും പോയ പോക്കും
ചേലോറയിലെ മാലിന്യനീക്കത്തിന് സംസ്ഥാന വ്യവസായ വികസന കോർപറേഷനും (കെ.എസ്.ഐ.ഡി.സി) കണ്ണൂർ കോർപറേഷനും കരാർ ഒപ്പുവെച്ചത് 2020 സെപ്റ്റംബർ 22ന്. കെ.എസ്.ഐ.ഡി.സി വഴി എത്തിയ സോൻഡ ഇൻഫ്രടെക് കമ്പനിയും കോർപറേഷനും തമ്മിൽ ആ വർഷം ഒക്ടോബർ 10ന് ധാരണാപത്രത്തിൽ ഒപ്പിട്ടു. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ സർവേപ്രകാരമുള്ള 40,000 ക്യുബിക് മീറ്റർ മാലിന്യമാണ് നീക്കേണ്ടത്.
6.86 കോടിക്ക് കരാർ ഉറപ്പിച്ചു. ഇതിന്റെ 10 ശതമാനമായ 68.6 ലക്ഷം അഡ്വാൻസും കൈപ്പറ്റി. കരാറിലുള്ളതിനേക്കാൾ മാലിന്യമുണ്ടെന്നും ഈ തുകക്ക് പ്രവൃത്തി ചെയ്യാനാവില്ലെന്നുമായി സോൻഡ. സർക്കാർ നിർദേശപ്രകാരം കോഴിക്കോട് എൻ.ഐ.ടിയെ മാലിന്യത്തിന്റെ അളവ് പുനർനിർണയിക്കാൻ നിയോഗിച്ചു. മാലിന്യതോത് 1,23,832 ക്യുബിക് മീറ്ററായി കണ്ടെത്തി.
നേരത്തേ കരാറായ 6.86 കോടിക്കുപകരം സോൻഡ ചോദിച്ചത് 21.23 കോടി. അഡ്വാൻസ് തുക പോലും കൈപ്പറ്റിയശേഷം ഒരുപണിയുമെടുക്കാത്ത സോൻഡയെ തന്നെ ഇനി വേണ്ടെന്ന് കൗൺസിൽ യോഗം തീരുമാനിക്കുന്നു. കൗൺസിൽ യോഗം പിരിഞ്ഞ് സീറ്റിലെത്തും മുന്നേ സോൻഡക്കുവേണ്ടി സർക്കാറിന്റെ തലപ്പത്തുള്ളവർ സെക്രട്ടറിയെ വിളിക്കുന്നു. അങ്ങനെയുള്ള ഉന്നത ഇടപെടലുകളാണ് സോൻഡക്കുവേണ്ടി നടക്കുന്നത്.
2021 നംബർ 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മേയർ സോൻഡയുമായുള്ള കരാർ റദ്ദാക്കാൻ അനുമതി നേടി. തുടർന്ന് ഡിസംബർ 12ന് നടന്ന കൗൺസിൽ യോഗത്തിൽ കരാർ റദ്ദാക്കാൻ തീരുമാനിച്ചു. മുൻകൂറായി കൈപ്പറ്റിയ 68.6 ലക്ഷം തിരിച്ചുപിടിക്കാനും തീരുമാനിച്ചു.
15 ദിവസത്തിനകം ഈ തുക തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് 2022 മാർച്ച് മൂന്നിനും മേയ് 19നും സോൻഡ ജനറൽ മാനേജർക്ക് കത്തയച്ചു. ഒരുവർഷം പിന്നിട്ടിട്ടും ആ തുക സോൻഡ തിരിച്ചുനൽകിയില്ല. പുതിയ ടെൻഡർ വിളിച്ച് പുതിയ കമ്പനി കരാർ ഏറ്റെടുത്തിട്ടും സോൻഡക്ക് ഒരു കുലുക്കവുമില്ല.
കച്ചവടമാവുമ്പോൾ സർക്കാർ വിലാസം ഇടനിലക്കാരും ഉണ്ടാകുന്നുവെന്നാണ് കൗതുകകരമായ കാര്യം. സംസ്ഥാന വ്യവസായ കോർപറേഷന്റെയും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരുടെയുമെല്ലാം നടപടികൾ സംശയിക്കപ്പെടുന്നത് അതുകൊണ്ടാണ്. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ പദ്ധതികളുടെ ഏകോപനത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നിലവിൽവന്നത് 2017 സെപ്റ്റംബർ 23ന്.
ഓരോ മാസവും പദ്ധതിയുടെ അവലോകനവും നടക്കണമെന്നാണ് തീരുമാനം. പൊതുസ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിൽ മാലിന്യം സംസ്കരിക്കാൻ ഈ സമിതിയാണ് തീരുമാനിച്ചത്. സ്വകാര്യ കമ്പനിക്കായിരിക്കണം പ്രോജക്ട് ചുമതല. സ്വകാര്യ കമ്പനിയെ നിശ്ചയിക്കുന്നതിലും മേൽനോട്ടത്തിനുമായി കെ.എസ്.ഐ.ഡി.സിയെ നോഡൽ ഏജൻസിയായും നിയമിച്ചു.
കണ്ണൂരിൽ സോൻഡയെ കൊണ്ടുവരുന്നതും ധാരണപത്രത്തിൽ ഒപ്പുവെപ്പിക്കുന്നതുമെല്ലാം കെ.എസ്.ഐ.ഡി.സിയാണ്. കരാർ ഒപ്പിട്ട് അഡ്വാൻസും കൈപ്പറ്റിയശേഷം മാലിന്യം കൂടുതലുണ്ടെന്ന് പറയാൻ സോൻഡക്ക് കിട്ടിയ ധൈര്യവും ഇതാണ്.
സോൻഡയുമായുള്ള കരാർ റദ്ദാക്കാൻ മുഖ്യമന്ത്രി കോർപറേഷന് രേഖാമൂലം നിർദേശം നൽകിയിട്ടും അങ്ങനെയൊന്നും നിർദേശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോർപറേഷന് കത്ത് നൽകാൻ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ധൈര്യം കിട്ടിയതും വലിയ കളികളുടെ തെളിവാണ്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.