കണ്ണൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ട്രോളിങ് നിരോധനം അവസാനിച്ചതോടെ തുറമുഖങ്ങളിൽനിന്ന് മീൻപിടിത്ത ബോട്ടുകൾ കടലിലിറങ്ങിത്തുടങ്ങി. ജൂൺ ഒമ്പതിന് തുടങ്ങിയ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ നിരോധനം 52 ദിവസം പിന്നിട്ട് ഇന്നലെ അർധരാത്രി അവസാനിച്ചു.
ജില്ലയിൽ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളിലായി 306 ബോട്ടുകളാണ് രജിസ്റ്റർ ചെയ്തത്. ഇവയിൽ ഉപയോഗശൂന്യമായതും ഇപ്പോൾ കടലിൽ പോവാത്തവയുമുണ്ട്. അഴീക്കൽ, ആയിക്കര മാപ്പിള ബേ, തലായി എന്നിവിടങ്ങളിൽ നിന്നായി 200ഓളം ബോട്ടുകൾ കടലിൽ പോകുന്നുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. ട്രോളിങ് നിരോധനം കഴിഞ്ഞാലും അഴീക്കൽ തുറമുഖത്തുനിന്നുള്ള ബോട്ടുകൾ പെട്ടെന്ന് കടലിൽ പോവാറില്ല. ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷം അന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ട ശേഷമാണ് അഴീക്കലിലെ ബോട്ടുകൾ കടലിൽ പോകാറുള്ളത്. ട്രോളിങ് നിരോധനം പ്രമാണിച്ച് നാട്ടിൽ പോയ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തുകയും വേണം. തെക്കൻ കേരളത്തെ അപേക്ഷിച്ച് താരതമ്യേന ചെറിയ ബോട്ടുകളാണ് കണ്ണൂരിൽ മീൻപിടിക്കാൻ പോവുന്നത്. രണ്ടോ മൂന്നോ ദിവസത്തേക്കാണ് ഇവ കടലിൽ പോകാറുള്ളത്.
തൊഴിലാളികൾ ദിവസങ്ങളോളം ബോട്ടുകൾ കടലിലിറക്കാനുള്ള തയാറെടുപ്പിലായിരുന്നു. വലകളുടെയും ബോട്ടുകളുടേയും അറ്റകുറ്റപ്പണി പൂർത്തിയാക്കി. രജിസ്ട്രേഷൻ പുതുക്കാനുള്ളവ പുതുക്കുകയും ലൈസൻസ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
ട്രോളിങ് നിരോധന സമയത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ വയർലെസ് സെറ്റ്, ജി.പി.എസ്, ഇക്കോ സിസ്റ്റം, വാക്കിടോക്കി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റു സാമഗ്രികളും ബോട്ടിൽ സ്ഥാപിക്കുകയും ചെയ്തു. 5,000 ലിറ്റർ ഡീസൽ, 400 ബ്ലോക്ക് ഐസ്, 5,000 ലിറ്റർ കുടിവെള്ളം എന്നിവയാണ് സാധാരണ ബോട്ടിൽ സംഭരിക്കാറുള്ളത്. ഇതിനു പുറമേ പച്ചക്കറിയടക്കം ഭക്ഷണസാധനങ്ങളും കരുതണം. ഒരു ബോട്ടിൽ ഡീസലും കുടിവെള്ളവും നിറക്കാൻ പരമാവധി മൂന്നു മണിക്കൂറാണെടുക്കാറുള്ളത്. സാധാരണ ട്രോളിങ് നിരോധനക്കാലത്ത് ലഭിക്കാറുള്ള സൗജന്യ റേഷൻ ഇത്തവണ ജില്ലയിലെ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസ നിധിയിൽനിന്ന് ലഭിക്കാറുള്ള 4,500 രൂപയും ലഭിച്ചില്ല.
എങ്കിലും വറുതിയുടെ നാളുകൾ ഇന്നുമുതൽ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. മഴ കുറഞ്ഞത് മത്സ്യലഭ്യതയെ ബാധിക്കുമോയെന്ന ആശങ്ക നിലവിലുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ചാകര ലഭിക്കുമെന്ന പ്രത്യാശയിലാണ് കടലിന്റെ മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.