കണ്ണൂർ: സെൻട്രൽ ജയിലിൽ മയക്കുമരുന്നുകേസ് പ്രതി ടി.സി. ഹർഷാദ് തടവുചാടി രണ്ടാഴ്ചയായിട്ടും പിടികൂടാനാവാതെ പൊലീസ്. കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നുമില്ല. കണ്ണൂർ ടൗൺ എസ്.ഐ ബിനുമോഹൻ അടക്കം പത്തംഗ സംഘമാണ് അന്വേഷിക്കുന്നത്. ഹർഷാദ് സംസ്ഥാനം വിട്ടുവെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്.
ഹര്‍ഷാദ് ബൈക്കില്‍ രക്ഷപ്പെട്ടത് കണ്ണൂര്‍ക്കാരനായ സുഹൃത്തിന്റെ കൂടെയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവര്‍ സഞ്ചരിച്ച ബൈക്ക് ബംഗളൂരു സിറ്റിയില്‍നിന്ന് കണ്ടെത്തിയിരുന്നു. ബംഗളൂരു സിറ്റിക്കടുത്ത് കടയില്‍നിന്നാണ് ഇവര്‍ ബൈക്ക് വാടകക്കെടുത്തത്. സുഹൃത്ത് തന്നെയാണ് ബൈക്ക് വാടകക്ക് എടുത്തതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി തടവുചാടിയിട്ട് രണ്ടാഴ്ചയായിട്ടും പിടികൂടാനാവാത്തത് പൊലീസ് ഗൗരവമായാണ് കാണുന്നത്. ഇതര സംസ്ഥാന സേനകളുടെ സഹകരണത്തോടെയാണ് അന്വേഷണം.
സംഭവത്തിൽ തടവുചാട്ടം ആസൂത്രണം ചെയ്തത് കർണാടകയിലെ മയക്കുമരുന്ന് സംഘമാണെന്ന് ആദ്യദിവസം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ജനുവരി 14ന് രാവിലെ 6.45 ഓടെ പത്രക്കെട്ടുകൾ എടുക്കാനായി ജെയിൽ കവാടത്തിലെത്തിയ പ്രതി ഗേറ്റ് ചാടികടന്ന് നടപ്പാതയിൽ ഇരുചക്രവാഹനത്തിൽ കാത്തിരുന്ന ആൾക്കൊപ്പം ഹർഷാദ് രക്ഷപ്പെടുകയായിരുന്നു. ജയിലിലെ വെൽഫയർ ഓഫിസിൽ ജോലി ചെയ്തിരുന്ന ഹർഷാദാണ് ദിവസേന മതിൽകെട്ടിനകത്തേക്ക് ഇടുന്ന പത്രക്കെട്ടുകൾ എടുത്തിരുന്നത്.
പത്രമെടുക്കാൻ പോയ ആൾ തിരിച്ചുവരാത്തതിനെ തുടർന്ന് ജയിൽ ജീവനക്കാർ അന്വേഷിച്ചെപ്പോഴാണ് തടവുകാരൻ രക്ഷപ്പെട്ടതായി അറിഞ്ഞത്. ദിവസങ്ങൾ നീണ്ടുനിന്ന ആസൂത്രണത്തിനൊടുവിലാണ് തടവുചാടിയത്. കർണാടക രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് ഹർഷാദ് രക്ഷപ്പെട്ടത്. ഹെൽമറ്റ് ധരിച്ചയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തിയാണ് ഹർഷാദിനെ കാത്തുനിന്നത്. ജയിൽ വസ്ത്രത്തിൽ എത്തിയ പ്രതി ബൈക്കിൽ കയറിയ ശേഷം ഹെൽമറ്റ് ധരിച്ചയാൾ പെട്ടന്ന് കണ്ണൂർ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. തളാപ്പ് വഴി താണയിലെത്തി കക്കാട് റോഡിലേക്ക് ബൈക്ക് പോയതും തിരിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമെത്തിയതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
കണ്ണവം പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ 10 വർഷം തടവാണ് ഹർഷാദിന് ലഭിച്ചത്. 2023 സെപ്റ്റംബർ മുതൽ ഹർഷാദ് തടവുശിക്ഷ അനുഭവിച്ചു വരികയാണ്.
കണ്ണൂർ സെൻട്രൽ ജയിലിൽ മയക്കുമരുന്ന്, മോഷണ കേസുകളിലടക്കം പ്രതിയായ ഹർഷാദിനെ വെൽഫെയർ ഓഫിസിലും പുറത്തുവരുന്ന പത്രങ്ങൾ എടുക്കാനും നിയോഗിച്ചത് ജയിലധികൃതരുടെ വീഴ്ചയാണെന്ന് തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി. വിജയകുമാർ തയാറാക്കിയ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് കഴിഞ്ഞയാഴ്ച ജയിൽ ഡി.ഐ.ജിക്ക് സമർപ്പിച്ചു. ഒരുവർഷമായി ജയിലിൽ കഴിയുന്ന ഹർഷാദ് ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റിയിരുന്നു. ഇത് ജയിൽചാട്ടം ആസൂത്രണം ചെയ്യുന്നതിന് സഹായകമായി. ഇയാളുടെ ഫോൺ വിളികൾ നിരീക്ഷിക്കാത്തതും വിനയായി. പുറം ജോലിക്കും വെൽഫെയർ ഡ്യൂട്ടിക്കും ശിക്ഷാ കാലാവധി കഴിയാറായ തടവുകാരെ നിയോഗിക്കുന്നതാണ് രീതി. ഈ മാനദണ്ഡം ഹർഷാദിന്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.