ചക്കരക്കല്ല്: മുണ്ടേരി നിവാസികളും പക്ഷി സ്നേഹികളും കാത്തിരിക്കുന്ന മുണ്ടേരി ഇക്കോ ടൂറിസം പദ്ധതിക്കായി കാത്തിരിപ്പ് തുടരുന്നു. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തികളൊന്നും തന്നെ ആരംഭിച്ചിട്ടില്ല. 2021 ഫെബ്രുവരിയിലാണ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
തുടർന്ന് യാതൊരു അനക്കവുമില്ലാതെ മുന്നോട്ട് നീങ്ങുകയാണ് ഇക്കോ ടൂറിസം പദ്ധതി. മുണ്ടേരി പഞ്ചായത്ത് രൂപംനൽകിയ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകുകയായിരുന്നു. 73.5 ലക്ഷം രൂപയാണ് പദ്ധതിക്കാണ് പഞ്ചായത്ത് ആസൂത്രണം ചെയ്തത്. വളരെയധികം പ്രതീക്ഷയോടെ ഏറ്റെടുത്ത പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികൾ പോലും നടന്നില്ല.
2012ൽ മുണ്ടേരിക്കടവിനെ സർക്കാർ കേരളത്തിലെ തണ്ണീർത്തട പക്ഷി സങ്കേതമായി പ്രഖ്യാപിക്കുകയും 10 കോടി രൂപ സംരഷണ പ്രവർത്തനങ്ങൾക്കായി അനുവദിക്കുകയും ചെയ്തിരുന്നു. തുടർപ്രവർത്തനങ്ങൾ വേണ്ടത്ര രീതിയിൽ നടക്കാത്തതിനെ തുടർന്ന് പണം പാഴായി പോവുകയും ചെയ്തു.
പക്ഷികളുടെ ആവാസ വ്യവസ്ഥ നിലനിർത്തിക്കൊണ്ട് സഞ്ചാരികൾക്ക് പക്ഷി നിരീക്ഷണത്തിനും ഗ്രാമഭംഗി ആസ്വദിക്കാനുമായി പ്രദേശവാസികൾക്ക് വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് മുണ്ടേരി പഞ്ചായത്ത് ഇക്കോടൂറിസം പദ്ധതിക്ക് രൂപം നൽകിയത്.
200 ലധികം പക്ഷികളും ഒട്ടേറെ സസ്യജന്തു വൈവിധ്യങ്ങളും അപൂർവ പരുന്തുകളും റെഡ് ഡേറ്റ ബുക്കിൽ ഉൾപ്പെടുന്ന താറാവുകളും വിരുന്നിനെത്തുന്ന മുണ്ടേരിക്കടവിൽ ദിനേന വൈകീട്ടും രാവിലെയുമായി നിരവധി സഞ്ചാരികളാണ് എത്തുന്നത്.
സ്കൂൾ വിദ്യാർഥികളും അധ്യാപകരും പാഠപുസ്തകങ്ങളിലെ പക്ഷികളെ കുറിച്ചുള്ള പഠനങ്ങൾക്കും മുണ്ടേരിക്കടവിനെ ഉപയോഗപ്പെടുത്താറുണ്ട്. ഇക്കോ ടൂറിസം പദ്ധതി പൂർണമായും യാഥാർഥ്യമായാൽ വലിയ മാറ്റങ്ങൾ ഈ മേഖലയിൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.