പയ്യന്നൂർ: എഴുപത്തിയഞ്ച് വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷ് ആധിപത്യത്തോട് പൊരുതി നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും അഖണ്ഡതയും നിലനിർത്താൻ വീണ്ടും പൊരുതേണ്ട സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ടപ്പൊതുവാളെയും മറ്റു സ്വതന്ത്ര്യസമര സേനാനികളെയും ദിവംഗതരായവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. കെ.വി. ബാബു അധ്യക്ഷത വഹിച്ചു. ടി.വി. രാജേഷ് സ്വാഗതം പറഞ്ഞു. എം.പിമാരായ പി. സന്തോഷ് കുമാർ, തോമസ് ചാഴിക്കാടൻ, എം.എൽ.എമാരായ ടി.ഐ. മധുസൂദനൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി. മോഹനൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എം.പി. മുരളി, ബാബുരാജ് പുളിക്കൽ, ജോസ് മാത്യു, സി. കൃഷ്ണൻ, വി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
നേരത്തെ ഉപ്പുസത്യഗ്രഹ വേദിയായ ഉളിയത്തുകടവിൽനിന്ന് ഗാന്ധി പാർക്കിലേക്ക് ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. എഴുപത്തഞ്ചാം വാർഷിക സ്മരണയിൽ 75 അത്‍ലറ്റുകൾ അണിനിരന്ന പ്രയാണം ഉളിയത്തുകടവിൽ കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഉപ്പുസത്യഗ്രഹ ജാഥയിലംഗമായിരുന്ന സ്വാതന്ത്ര്യസമരസേനാനി ടി.എസ്. തിരുമുമ്പിന്റെ പുത്രി പ്രസന്ന ടീച്ചർ ദീപശിഖ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.