ആറളം: കാട്ടാനശല്യത്തില്‍നിന്ന് ആറളം ഫാമിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കര്‍ശന സുരക്ഷ ഏർപ്പെടുത്തിയതായി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു. ആര്.ആര്.ടി, രാത്രികാല പട്രോളിങ്ങിനുള്ള പ്രത്യേക ടീം എന്നിവ ജാഗ്രതയോടെ രംഗത്തുണ്ട്. ശാശ്വത പരിഹാരത്തിനായി 10.5 കിലോമീറ്റര്‍ നീളത്തില്‍ വന്യജീവി സങ്കേത അതിര്‍ത്തിയില്‍ ടി.ആര്.ഡി.എം മുഖേന നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.
വന്യജീവി സങ്കേതത്തില്‍നിന്ന് ആറളം ഫാമിലേക്കും ടി.ആര്.ഡി.എം മേഖലയിലേക്കും ഇറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കണ്ണൂര്‍ ആര്.ആര്.ടി 13ാം ബ്ലോക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൊട്ടിയൂര്‍ റേഞ്ച്, ആറളം വൈല്‍ഡ് ലൈഫ് റേഞ്ച് എന്നിവിടങ്ങളില്‍നിന്ന് രാത്രികാല പട്രോളിങ്ങിനായി പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
രാത്രിയില്‍ ആശുപത്രികളിലും മറ്റാവശ്യങ്ങൾക്ക് പോകുന്നവര്‍ക്കും സുരക്ഷ ഒരുക്കും. ആര്.ആര്.ടി പബ്ലിക് ഇന്‍ഫര്‍മേഷന്‍ എന്ന പേരില്‍ ആര്.ആര്.ടി കൊട്ടിയൂര്‍/വൈല്‍ഡ് ലൈഫ് റേഞ്ച് സ്റ്റാഫ്, പുനരധിവാസ മേഖലയിലെ പ്രമോട്ടര്‍മാര്‍, വാര്‍ഡ് മെംബര്‍, മറ്റ് ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ടി.ആര്.ഡി.എം സൈറ്റ് മാനേജര്‍, ഫാം സെക്യൂരിറ്റി ഓഫിസർമാർ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ചിട്ടുണ്ട്.
പുനരധിവാസ മേഖലയിലും ഫാമിലും ആനകള്‍ ഇറങ്ങിയാല്‍ ഈ ഗ്രൂപ് മുഖേന വിവരം ബന്ധപ്പെട്ട ജീവനക്കാരന് ലഭിക്കും. തുടര്‍ന്ന് രാത്രിയും പകലും ആനയെ തുരത്തും. ഇതുമായി ബന്ധപ്പെട്ട് മാര്‍ച്ച് ആദ്യവാരത്തില്‍ സബ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരം കണ്ണൂര്‍ വനം ഡിവിഷന് വന്യജീവി സങ്കേതത്തിന് കുറുകെ ആറു കിലോമീറ്റര്‍ ദൂരത്തില്‍ താൽക്കാലിക ഫെന്‍സിങ് നിർമിച്ചിരുന്നു. ഇതിനൊപ്പം പുനരധിവാസ മേഖലയിലും ഫാമിലുമെത്തുന്ന കാട്ടാനകളെ പ്രത്യേക സംഘത്തെ രൂപവത്കരിച്ച് ഒരാഴ്ചയോളം സ്ഥിരമായി കാട്ടിലേക്ക് തുരത്തിയിരുന്നു. പഴയ ആനമതില്‍ പൊളിച്ച് രാത്രിയില്‍ ഇറങ്ങുന്ന ആനകള്‍ കാടിന് സമാനമായി കിടക്കുന്ന ഏക്കർകണക്കിന് ഫാമിനകത്തെയും പുനരധിവാസ മേഖലയിലെ താമസമില്ലാത്ത സ്ഥലത്തും നിലയുറപ്പിക്കുന്നുണ്ട്.
ഈ ആനകളെ കണ്ടെത്തി ആര്.ആര്.ടിയുടെ നേതൃത്വത്തില്‍ കാട്ടിലേക്ക് തുരത്താറുണ്ട്. ആനമതില്‍ പൂര്‍ത്തിയായാല്‍ ഫാമിലെയും പുനരധിവാസ മേഖലയിലെയും ആനശല്യത്തിന് ശാശ്വത പരിഹാരമാവുമെന്നും അതുവരെ മേഖലയില്‍ ആര്.ആര്.ടിയുടെ സേവനം രാവും പകലും ലഭ്യമായിരിക്കുമെന്നും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു. പ്രത്യേക പട്രോളിങ് ടീമിനെ 8547602678, 8547602635, 8547603440, 8547602641, 8547602644, 8547602647 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
കേളകം: കാട്ടാനകൾ ആറളം ഫാമിലും പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലേക്കും കടക്കാതിരിക്കാൻ ആഴ്ചകൾക്കുമുമ്പ് വനംവകുപ്പ് ആറളം വനാതിർത്തിയിൽ സ്ഥാപിച്ച തൂക്ക് വൈദ്യുതി വേലി കാട്ടാനകൾ തകർത്തു. കാട്ടാനകൾ തകർത്ത വൈദ്യുതി വേലി വനം വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം ആറളം വിഭാഗത്തിന്റെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചു. കോട്ടപ്പാറയിൽ തൂക്ക് വൈദ്യുതി വേലി തകർത്ത ഭാഗത്തുകൂടി കാട്ടാനകൾ ആദിവാസി പുനരധിവാസ മേഖലയിലേക്ക് കടന്ന് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നെരോത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.