കാസർകോട്: കേരളത്തിൽ, പ്രത്യേകിച്ച് കാസർകോട് ജില്ലയിൽ കോവിഡ് വ്യാപനം ശക്തമായപ്പോൾ പ്രാണൻ രക്ഷിക്കാൻ മംഗളൂരുവിലേക്ക് കുതിച്ച ആംബുലൻസുകൾക്കു മുന്നിൽ വാതിൽ അടച്ചതും തെരഞ്ഞെടുപ്പ് ചർച്ചയാകും. കേരളവിരുദ്ധ വികാരത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാറിെൻറ നടപടി ഏറെയും സ്വാധീനിക്കുക മഞ്ചേശ്വരത്തെ വോട്ടർമാരെയായിരിക്കും. വിദഗ്ധ ചികിത്സക്ക് സംവിധാനമില്ലാത്ത കാസർകോട് ജില്ലക്കാർ എന്നും ആശ്രയിക്കുന്നത് മംഗളൂരു ആശുപത്രികളെയാണ്.
കേരളത്തിലെ രോഗികൾക്കുവേണ്ടി മാത്രമെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ ഇവിടേക്കുള്ള വഴിയിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി മംഗളൂരുവിലുണ്ട്. കോവിഡ് വ്യാപനം ശക്തമായപ്പോൾ മംഗളൂരുവിലേക്കും, ദക്ഷിണ കന്നടയിലേക്ക് ആകെയുമുള്ള 12ഒാളം റോഡുകൾ കർണാടക മണ്ണിട്ടടച്ചു. പതിവു പരിശോധനക്കും വിദഗ്ധ ചികിത്സക്കും വേണ്ടി മംഗളൂരുവിലേക്കുപോകാൻ ശ്രമിച്ചവരെ തലപ്പാടി അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു. കേരള സർക്കാർ നേരിട്ട് ഇടപെട്ടിട്ടും കർണാടകയിലെ ബി.ജെ.പി സർക്കാർ കനിഞ്ഞില്ല. ആംബുലൻസ് പോലും കടത്തിവിട്ടില്ല. ഇത്തരക്കാരിൽ 25ഒാളം പേർ കണ്ണൂരിെലയും കോഴിക്കോടെയും ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ചു.
ഇതിനുപിന്നാലെ ദക്ഷിണ കന്നടയിലേക്ക് കടക്കുന്നതിന് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കികൊണ്ട് ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ മറ്റൊരു ഉത്തരവിറക്കി. ഇതിനെതിരെ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സുബ്ബയ്യ റൈ മുഖേന മംഗളൂരു ഹൈകോടതിയിൽ ഹരജി നൽകി.
ഹരജി പരിഗണിച്ച കർണാടക ഹൈകോടതി, കേന്ദ്ര സർക്കാർ പൊതു മാർഗരേഖ നിലനിൽക്കെ കർണാടക അതിർത്തിയിൽ മാത്രം ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെങ്ങനെയെന്ന് ചോദിച്ചു. കർണാടക കോവിഡില്ല സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിന് അതിർത്തിയിൽ ക്യാമ്പുകൾ തുറന്നു.
മഞ്ചേശ്വരം നിവാസികൾ തലപ്പാടിയിലേക്ക് മാർച്ചും ധർണയും നടത്തി. അതിനിടയിൽ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചു. കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് സ്ഥാനാർഥിയാകുകയും ചെയ്തു. ചികിത്സ കിട്ടാതെ മരിച്ച 25പേരിൽ ഏറെയും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലായിരുന്നു. വീണ്ടും അതിർത്തിയടച്ചാൽ കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെയാണ് ജനവികാരമിളകുക.
അത് മഞ്ചേശ്വരത്ത് പ്രകടമാകുമെന്ന് ഭയന്ന് ബി.ജെ.പിയുണ്ടാക്കിയ സമ്മർദമാണ് ഡെപ്യൂട്ടി കമീഷണറുെട ഉത്തരവ് തൽക്കാലം കടലാസിൽ മാത്രം ഒതുങ്ങാൻ കാരണമെന്ന് പറയുന്നു. '25പേരുടെ മരണത്തിനുകാരണം കർണാടകത്തിലെ ബി.ജെ.പി സർക്കാറാണ്. അതിനെതിരെ മഞ്ചേശ്വരത്ത്് ജനവികാരമുണ്ടാകും' -കോൺഗ്രസ് നേതാവ് ഹർഷദ് വോർക്കാടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.