തൃക്കരിപ്പൂർ: രാഷ്‌ട്രപതി ഭവനിലെ ബാൻക്വറ്റ് ഹാളിൽ അവാർഡ് ജേതാക്കൾക്കായി രാഷ്‌ട്രപതി ഒരുക്കിയ അത്താഴവിരുന്ന്. രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള നാനാതരം ആഹാരം ഒരുക്കിവെച്ചിരിക്കുന്നു. സദാസേവന സന്നദ്ധരായി പരിചാരകവൃന്ദം. എല്ലാവരും എത്തിച്ചേർന്ന ഉടൻ രാഷ്‌ട്രപതി ഹാളിലെത്തി.
അൽപനേരം മേശക്കരികിൽ ചെലവഴിച്ച ശേഷം ഓരോരുത്തരുടെയും അരികിലെത്തി. രാഷ്‌ട്രപതി ഭവനിൽ വന്നിട്ട് ആരും വിശന്നിരിക്കരുത്, എല്ലാവരും ഇഷ്ടം പോലെ കഴിക്കൂ.. പുഞ്ചിരിയോടെ ഇത്രയും പറഞ്ഞ് കൂപ്പുകൈയോടെ അദ്ദേഹം മടങ്ങി. രാഷ്ട്രപതിയുടെ എളിമയാണ് ഏറെ ആകർഷിച്ചതെന്ന് ഇന്ദിര ഓർക്കുന്നു.
അവാർഡ് ജേതാക്കളെ അനുഗമിക്കുന്ന ബന്ധുക്കൾക്ക് മറ്റൊരു ഹാളിലായിരുന്നു ആഹാരം. ദേശീയതലത്തിൽ നഴ്‌സിങ് മികവിനുള്ള പരമോന്നത ബഹുമതിയായ ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്കാരം നേടിയാണ് ഉദിനൂർ സ്വദേശിയായ പി.കെ. ഇന്ദിര പ്രണബ് ദായുടെ അതിഥിയായി നാലുനാൾ ഇന്ദ്രപ്രസ്ഥത്തിൽ കഴിഞ്ഞത്. അവാർഡ് ദാനത്തിെൻറ തലേന്നാൾ നടന്ന റിഹേഴ്സൽ വേറിട്ട അനുഭവമായിരുന്നു. എങ്ങനെ നടക്കണം, എവിടെ നിൽക്കണം എന്നതൊക്കെ പരിശീലിപ്പിച്ചു. ദൂരദർശനിൽ ഇംഗ്ലീഷ് വാർത്തവായിച്ചിരുന്ന റിനി ഖന്നയാണ് ഇന്ദിരയെ സദസ്സിന് പരിചയപ്പെടുത്തിയത്.
2009ൽ സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള പുരസ്കാരം നേടിയ ഇന്ദിര 2014ൽ നഴ്‌സിങ് സൂപ്രണ്ടായാണ് വിരമിച്ചത്. ഇപ്പോൾ തൃക്കരിപ്പൂർ പാലിയേറ്റിവ് കെയർ സൊസൈറ്റിയിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.