കാസർകോട്: കാസർകോട് ജില്ലയിൽ ക്ഷയരോഗ ബാധിതർ കുറയുന്നു. 2015ൽ 842 പേരുണ്ടായിരുന്നത് അഞ്ചുവർഷം കഴിഞ്ഞ് 2020ൽ 519 പേരിലൊതുങ്ങി.
ഈ വർഷം ആരംഭിച്ച് മൂന്നു മാസത്തിനിടെ നൂറോളം പുതിയ രോഗികളെയാണ് കണ്ടെത്തിയതെന്നും ജില്ല ടി.ബി ഓഫിസർ ഡോ. ടി.പി. ആമിന പറഞ്ഞു. 2016 -793, 2017 -908, 2018 -781, 2019 -712 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്. 2017ൽ നൂതന മെഷീൻ സ്ഥാപിച്ച വർഷമായതിനാലാണ് കൂടുതൽ രോഗികളെ കണ്ടെത്താനായതെന്നും ഡോക്ടർ വ്യക്തമാക്കി.
ക്ഷയരോഗത്തിന് ചികിത്സ നേടുന്നതിൽ 45 ശതമാനം പേരും പ്രമേഹരോഗികളാണ്. കേരളത്തിലാണ് ഏറ്റവും കുറവ് ക്ഷയരോഗികളുള്ളത്. ശ്വാസകോശത്തെയാണ് പ്രധാനമായും ക്ഷയരോഗം ബാധിക്കുന്നത്.
കോവിഡും ക്ഷയവും സഹോദരങ്ങളാണ്. വായിലൂടെ പകരുന്നവയാണ് രണ്ടു രോഗങ്ങളും. തുപ്പൽ കണികയിലൂടെയാണ് രണ്ടും പകരുന്നത്. കോവിഡിനെ പേടിച്ച് മാസ്ക് ശീലമാക്കുന്നതിലൂടെ എച്ച്1 എൻ1, പന്നിപ്പനി, മീസിൽസ്, െലപ്രസി തുടങ്ങിയ വായുജന്യ രോഗങ്ങളിൽനിന്നും മോക്ഷം നേടാൻ പോവുകയാണെന്നും ഡോ. ആമിന പറഞ്ഞു.
കാസർകോട്: ചുമക്കുന്ന രോഗികളാണ് ക്ഷയരോഗം പരത്തുന്നതെന്ന് ഡോ. ടി.പി. ആമിന പറഞ്ഞു. നഖവും മുടിയും ഒഴികെ എവിടെയും ക്ഷയരോഗം ബാധിക്കാം.
രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, വൈകുന്നേരങ്ങളിലെ പനി, ഭാരം കുറയുക, വിശപ്പില്ലായ്മ, നെഞ്ചുവേദന, രക്തം ചുമച്ചുതുപ്പുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രണ്ടാഴ്ചയിൽ കൂടുതൽ ചുമയുള്ളവർ കഫ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ആറു മുതൽ എട്ടു മാസം വരെ മുടങ്ങാതെ സൗജന്യ ഡോട്സ് ചികിത്സ വഴി ക്ഷയരോഗം പൂർണമായി ഭേദമാക്കാം.
ക്ഷയരോഗികളുമായി ഇടപഴകുന്നവർക്ക് ചുമയുണ്ടെങ്കിൽ ഉടൻ കഫപരിശോധന നടത്തുക, തുറസ്സായ സ്ഥലങ്ങളിൽ തുപ്പാതിരിക്കുക, ചുമക്കുേമ്പാഴും തുമ്മുേമ്പാഴും വായ് തൂവാല കൊണ്ട് മൂടുക, ചികിത്സ കഴിയുന്നതുവരെ തുടർപരിശോധന നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.