ചീമേനി എസ്റ്റേറ്റ് ഭൂമി

ഭൂമി പകുത്ത് നൽകി ചീമേനി എസ്റ്റേറ്റ് മെലിയുന്നു

ചെറുവത്തൂർ: പ്ലാ​േൻറഷൻ കോർപറേഷനു കീഴിലുള്ള ഏറ്റവും വലിയ എസ്റ്റേറ്റായ ചീമേനി എസ്റ്റേറ്റ് ഓരോ ദിവസം കഴിയുന്തോറും ഭൂമി പതിച്ച് നൽകി മെലിയുന്നു. 1977ൽ 99 വർഷത്തേക്ക് 4714 ഏക്കർ ഭൂമി കശുവണ്ടി കൃഷി നടത്താൻ റവന്യു വകുപ്പിൽ നിന്ന് ലീസിനെടുത്തതാണ് ഈ സ്ഥലം. ലീസിന് കിട്ടിയ ഭൂമിയെല്ലാം മറ്റ് പദ്ധതികൾക്ക് വേണ്ടി വിട്ട് കൊടുക്കേണ്ട അവസ്ഥയാണ് എസ്റ്റേറ്റിനിപ്പോൾ.

ഭൂപരിഷ്കരണ നിയമം നിലവിൽ വന്നതോടെയാണ് കോട്ടയം സ്വദേശി തോമസ് കൊട്ടുകാപ്പള്ളിയുടെ ഉടമസ്ഥതയിൽ നിന്ന് സർക്കാരിലേക്ക് ഭൂമി എത്തുന്നത്. 1977 ൽ 99 വർഷത്തേക്കാണ് പ്ലാ​േൻറഷൻ കോർപറേഷന് റവന്യു വകുപ്പ് ഭൂമി പാട്ടത്തിന് നൽകുന്നത്. കാർഷിക മേഖലയിലെ വൈവിധ്യവൽക്കരണത്തിന് കോർപറേഷൻ തിരിഞ്ഞതോടെ കശുവണ്ടിക്ക് പുറമേ റബർ‌ കൃഷിയുമായി. 94 സ്ഥിരം തൊഴിലാളികളാണ് എസ്റ്റേറ്റിൽ ജോലി ചെയ്യുന്നത്. പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫിസ്, ആയുർവേദ ആശുപത്രി എന്നിവ സ്ഥാപിക്കാനാണ് അഞ്ച്​ ഏക്കർ ഭൂമി എസ്റ്റേറ്റിൽ നിന്ന് ആദ്യഘട്ടത്തിൽ പതിച്ച് കൊടുത്തത്. പീന്നിട് ചീമേനിയിൽ തുറന്ന ജയിൽ സ്ഥാപിക്കാൻ 308 ഏക്കർ ഭൂമിയും നൽകി.

ഇതിന് പിന്നാലെ എത്തിയ ഐടി പാർക്കിന് വേണ്ടി 100 ഏക്കറും നൽകി. ഒടുവിൽ കൈവശ കർഷകരുടെ ആവശ്യം അംഗീകരിച്ചതോടെ 375 ഏക്കർ സ്ഥലം അവർക്കും പതിച്ച് നൽകി. ഇതോടെ ലീസിന് കിട്ടിയ ഭൂമിയിൽ നിന്ന് 788 ഏക്കർ പോയി. 788 ഏക്കറും ഭൂമി പതിച്ച് നൽകിയതോടെ 4714 ഏക്കർ ഭൂമിയിൽ നിന്ന് 3926 ഏക്കർ ഭൂമിയായി കോർപറേഷ​െൻറ എസ്റ്റേറ്റ് ചുരുങ്ങി. ഇതിനിടയിൽ വന്ന ഉത്തരവ് പ്രകാരം 650 ഏക്കർ ഭൂമി ഭൂരഹിതരായ കർഷകർക്ക് മൂന്ന്​ സെൻറ്​ വീതം നൽകാൻ വിട്ട് കൊടുത്തു. തൊട്ട് പിന്നാലെ 575 ഏക്കർ ഭൂമി സോളാർ പ്ലാൻറും 440 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കാനും വിട്ട് കൊടുത്തു. ഇതോടെ 3926 ഏക്കർ ഭൂമി വീണ്ടും 2701 ഏക്കറായി ചുരുങ്ങി.

ദുരന്ത നിവാരണ സേനയ്ക്ക് 50 ഏക്കർ, നാവിക അക്കാദമിയുടെ ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് പണിയാൻ 400 എക്കർ, താപനിലയത്തിനായി അളന്ന് തിട്ടപ്പെടുത്തി കണക്കാക്കിയ 250 എക്കർ ഇങ്ങനെ പോകുന്നു ഇനിയും വിട്ടുകൊടുക്കാനിരിക്കുന്ന സ്ഥലത്തി​െൻറ കണക്കുകൾ. ഭൂമി പതിച്ച് കൊടുക്കുന്നത് നിർബാധം തുടരുമ്പോഴും ജനോപകാരപ്രദമായ പദ്ധതികൾക്ക് ഭൂമി നൽകാൻ സങ്കേതിക കുരുക്ക് പറഞ്ഞ് അധികൃതർ തടസം പറയുകയാണ്. ചീമേനിയിൽ ബസ് സ്റ്റാൻഡ് നിർമിക്കാൻ 2.40 ഏക്കർ ഭൂമി മാർക്കറ്റ് വിലയ്ക്ക് ചോദിച്ചിട്ടും നൽകിയില്ല. ഇതിന് പുറമേ ഗവ. കോളജ്, മെഡിക്കൽ കോളജ് എന്നിവയെല്ലാം ചീമേനിയിൽ വരുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് മറ്റിടങ്ങളിലേക്ക് പോകുന്ന കാഴ്ചയും കണ്ടു. 100 എക്കർ പതിച്ച് കൊടുത്ത് ഭൂമിയിൽ വരുമെന്ന് പറഞ്ഞ ഐടി പാർക്കും പോയി. 4714 ഏക്കർ ഭൂമിയിൽ നിന്ന് 2000 ത്തിൽ താഴെ ഏക്കർ ഭൂമിയായി ചീമേനി എസ്റ്റേറ്റ് മാറിയ സാഹചര്യത്തിൽ ഇനിയും പകുത്ത് നൽകിയാൽ എസ്റ്റേറ്റ് ഇല്ലാതാവുമോ എന്ന ആശങ്കയിലാണ് ഇവിടത്തുകാർ.

Tags:    
News Summary - Cheemeni estate is thinning by dividing the land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.