ചെറുവത്തൂർ: കൊടക്കാട് ഓലാട്ട് വായനശാല മുറ്റത്തെ വോളിബാൾ കോർട്ടിൽ ഓടിച്ചാടി നടന്ന നാടിന്റെ ‘ചക്കര’യായിരുന്നു അമർദത്ത്. എന്തിനും ഏതിനും തങ്ങൾക്കൊപ്പം സജീവമായി പ്രവർത്തിച്ച ഈ വോളിബാൾ താരം അപ്രതീക്ഷിതമായി രോഗഭാരത്താൽ വീണപ്പോൾ അവന് തണലേകാതിരിക്കാൻ അവർക്കാകില്ലല്ലോ. ഇപ്പോൾ നാട്ടിലും പരിസരത്തും വിവാഹമോ മറ്റു ചടങ്ങോ ഉണ്ടെങ്കിൽ നാട്ടുകാരൊന്നാകെ വിളമ്പാനിറങ്ങും. അമർദത്തിന്റെ ചികിത്സക്കായുള്ള തുക സ്വരൂപിക്കാൻ.
കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയത്തിന്റെയും സ്പോർട്സ് ക്ലബിന്റെയും പ്രവർത്തകരും നാട്ടുകാരും സ്നേഹവും കരുണയും നിറച്ച് ഓരോ ഓഡിറ്റോറിയത്തിലും വിളമ്പുകാരാകുന്നത്. ഭക്ഷണശാലകളിലെ രുചിപാത്രങ്ങൾ തുറന്ന് ഇവർ വിളമ്പുമ്പോൾ ആ കരുതലും സ്നേഹവും നാട് ഹൃദയത്തിലേറ്റുവാങ്ങുകയാണ്. ഓലാട്ട് കളത്തേരയിലെ കെ. സതീശന്റെയും ഗീതയുടെയും മകനായ അമർദത്ത് കോഴിക്കോട് എം.വി.ആർ കാൻസർ സെന്റിലാണ് ചികിത്സയിൽ കഴിയുന്നത്. മാത്തിൽ ഗുരുദേവ് കോളജിലെ ബിരുദ വിദ്യാർഥിയാണ്. കീമോതെറപ്പിക്കും ശസ്ത്രക്രിയക്കുമുള്ള 12 ലക്ഷം രൂപ സ്വരൂപിക്കാനാണ് കാറ്ററിങ് ചലഞ്ച് നാട് ഏറ്റെടുത്തത്. കനിവ് പാലിയേറ്റിവ് കെയറുമായി ചേർന്നാണ് സഹായധനം സ്വരൂപിക്കുന്നത്.
ചികിത്സ സഹായ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിന്റെ കാറ്ററിങ് ജോലിയിൽ 50 പേരാണ് സേവനത്തിനെത്തിയത്. സഹായങ്ങൾ അമർദത്ത് ചികിത്സാസഹായ സമിതിയുടെ കനറാ ബാങ്ക് കൊടക്കാട് ബ്രാഞ്ചിന്റെ 120023851160 അക്കൗണ്ട് നമ്പറിലാണ് അയക്കേണ്ടത്. ഐ.എഫ്.എസ്.സി കോഡ്: CNRB0014262.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.