ചെറുവത്തൂർ: നാല് മാസമായി ഇല്യാസ് ഒരേ കിടപ്പിലാണ്. നിലത്ത് വീഴുമെന്നതിനാൽ കെട്ടിയിടാതെ വയ്യ. കുടുംബനാഥനോട് വിധി ചെയ്ത ക്രൂരതയിൽ പകച്ച് കഴിയുകയാണ് ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബം. ചീമേനി ചെമ്പ്രകാനത്തെ മത്സ്യത്തൊഴിലാളിയായ എം.ടി.പി. ഇല്യാസിന് കഴിഞ്ഞ ഒക്ടോബർ 31നാണ് അപകടം സംഭവിച്ചത്.
ആനിക്കാടിയിൽ ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ഓട്ടോയിടിക്കുകയായിരുന്നു. ഉടൻ ചെറുവത്തൂരിലെയും തുടർന്ന് പരിയാരത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതരാവസ്ഥയായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തലയോട്ടിക്ക് ക്ഷതമേറ്റതിനാൽ 13 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് വിധേയനാക്കി. നാട്ടുകാരുടെ സഹായത്തോടെ കുറച്ച് തുക നൽകിയെങ്കിലും ഭീമമായ തുക ആശുപത്രിയിൽ അടക്കാനുണ്ട്. ചെക്ക് കൊടുത്താണ് ആശുപത്രി വിട്ടത്. എന്നാൽ ഓരോ ദിവസം കഴിയുന്തോറും ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയാണ്. ഇടതുകണ്ണിന്റെ കാഴ്ച നഷ്ടമായി. കെട്ടിയിട്ടില്ലെങ്കിൽ ശരീരം ചലിപ്പിച്ച് വീഴുന്ന സ്ഥിതിയാണ്.
മുഴുവൻ സമയവും പരിപാലിക്കേണ്ടതിനാൽ ഭാര്യക്കും തൊഴിലുറപ്പിന് പോകാനാവുന്നില്ല. ഇതോടെ ദിവസ ചെലവ് പ്രതിസന്ധിയിലായി. പഞ്ചായത്ത് അനുവദിച്ച വീട് പണി പൂർത്തിയാകാതെ കിടക്കുകയാണ്. വിദ്യാർഥികളായ മൂന്ന് മക്കൾ ഉപ്പയുടെ സ്നേഹം കൊതിച്ച് കഴിയുകയാണ്.
ആശുപത്രിയിൽ ഭീമമായ തുക നൽകിയാലേ ചികിത്സ തുടരാനാവൂ. കനിവുള്ളവരുടെ സ്നേഹവും കാത്ത് കഴിയുകയാണ് ഇല്യാസിന്റെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.