ചെറുവത്തൂർ: സാമൂഹിക പങ്കാളിത്തത്തിലൂടെ പൊതുവിദ്യാഭ്യാസത്തിന് പുത്തനുണർവേകാൻ 'കൊടക്കാട് ശൈലി' സമ്മാനിച്ച നാരായണൻ മാസ്റ്റർ പടിയിറങ്ങുന്നു. അധ്യാപകനായും പ്രധാന അധ്യാപകനായും ചെന്നെത്തിയ വിദ്യാലയങ്ങളെയെല്ലാം മികവിെൻറ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടാണ് കൊടക്കാട് നാരായണൻ മാസ്റ്റർ ഈ 31 ന് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്ക്കൂളിൽനിന്നും വിരമിക്കുന്നത്. 1984 മുതൽ ഉദിനൂർ കടപ്പുറം ഗവ. യു.പി.യിൽ താൽക്കാലിക അധ്യാപകനായാണ് ആദ്യ നിയമനം. ഗവ. എൽ.പി.സ്കൂൾ ചേറ്റുകുണ്ട് കടപ്പുറം, ഗവ.ഹൈസ്കൂൾ ബെള്ളൂർ എന്നിവിടങ്ങളിലും രണ്ടു വർഷക്കാലം ജോലി ചെയ്തു.
1987ൽ ഹൊസ്ദുർഗ് കടപ്പുറം ഗവ. യു.പി.സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചു. സ്വന്തം നാടായ കൊടക്കാട് ഗവ. വെൽഫെയർ യു.പി.സ്ക്കൂളിനെ പുതിയ പരീക്ഷണങ്ങളുടെ തട്ടകമാക്കി മാറ്റി. 13 വർഷം അവിടെ അധ്യാപന ജീവിതം തുടർന്നു. കൊടക്കാട്ടെ പഠനോദ്യാനത്തിലെ വേറിട്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പഠിക്കാനും സാഹിത്യ വിമർശകൻ കെ.പി. ശങ്കരെൻറ നേതൃത്വത്തിൽ മൂന്നംഗ സംഘം സ്കൂളിൽ മൂന്നു ദിവസം ക്യാമ്പ് ചെയ്തു. മിനിമം ലവൽ ലേണിങ് പദ്ധതിയിലും പുതിയ പാഠപുസ്തക നിർമിതിയിലും സ്വീകരിച്ചു.
2005 ൽ പ്രഥമാധ്യാപകനായി ഗവ. എൽ.പി.സ്കൂൾ ചാത്തങ്കൈയിലെത്തി. അവിടെ 'പുതുവർഷം പുതുവസന്തം' എന്ന പരിപാടിക്ക് തുടക്കമിട്ടു. ഗവ.യു.പി. കൂട്ടക്കനിയിൽ 'കൂട്ടക്കനി കൂട്ടായ്മ', ഗവ.യു.പി. ബാരയിൽ 'ബാരയിലൊരായിരം മേനി', ഗവ.യു.പി. മുഴക്കോത്ത് 'മുഴക്കോം: മികവിന്റെ മുഴക്കം', ഗവ.യു.പി. കാഞ്ഞിരപ്പൊയിലിൽ കാഞ്ഞിരപ്പൊയിൽ 'കാര്യക്ഷമതയിലേക്ക് ഒരു കാൽവെയ്പ്' , ഗവ.എൽ.പി. മൗക്കോട് 'മൗക്കോട്: മികവാണ് മുഖ്യം' ഗവ. യു.പി. അരയിയിൽ 'അരയി: ഒരുമയുടെ തിരുമധുരം', എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി. മേലാങ്കോട്ട് 'മേലാങ്കോട്ട് : മുന്നോട്ട്' എന്നീ പരിപാടികൾ ആവിഷ്ക്കരിച്ചു. എത്തിയ വിദ്യാലയങ്ങളെയെല്ലാം ഭൗതികവും അക്കാദമിക പരവുമായ ഉന്നതിയിലേക്ക് എത്തിച്ചാണ് മാഷിെൻറ മടക്കം.
ഓരോ വിദ്യാലയത്തിലെയും മികവുകൾ ദേശീയ സെമിനാറുകളിൽ അവതരിപ്പിച്ചു. പാഠ്യപദ്ധതി പരിഷ്കരണ ഭാഗമായി രണ്ടാഴ്ചക്കാലം മൈസൂരിൽ സംഘടിപ്പിച്ച ദേശീയ ശില്പശാലയിൽ പങ്കെടുത്ത ഏക പ്രൈമറി അധ്യാപകൻ, ജില്ല വിദ്യാഭ്യാസ സമിതിയംഗം, ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ കർമസമിതിയംഗം, മടിക്കൈ പഠനോത്സവത്തിെൻറ അക്കാദമിക കമ്മിറ്റി ചുമതല, ജില്ല സയൻസ് ക്ലബ്ബ് അസോസിയേഷൻ സെക്രട്ടറി, പിലിക്കോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്ത് വിദഗ്ധ സമിതിയംഗം, സമ്പൂർണ സാക്ഷരതാ യജ്ഞം അസി. പ്രോജക്ട് ഓഫിസർ, ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം, ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
2015ൽ ദേശീയ അധ്യാപക അവാർഡും, നീലേശ്വരം ഇ.എം.എസ് പഠന കേന്ദ്രം ജനകീയ അധ്യാപക അവാർഡ്, നീലേശ്വരം റോട്ടറി നാഷനൽ ബിൽഡർ അവാർഡ്, കൃഷി വകുപ്പ് സ്കൂൾ പച്ചക്കറി കൃഷിക്ക് പ്രധാനാധ്യാപകനുള്ള ജില്ലതല അവാർഡ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ സമഗ്ര സംഭാവന അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മികവ് ദേശീയ വിദ്യാഭ്യാസ സെമിനാറുകളിൽ തുടർച്ചയായി മൂന്നുതവണ പ്രബന്ധാവതരണം നടത്തി. കൊടക്കാട് പടിഞ്ഞാറെക്കരയിലെ പരേതരായ ശേഖരൻ നമ്പിയുടെയും ദേവിയമ്മയുടേയും മകനാണ്. ഭാര്യ: വിജയശ്രീ. മക്കൾ: അരുൺ, വരുൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.