ചെറുവത്തൂർ: തൊഴിലിനിടയിലും സംഗീതത്തെ ചേർത്തു പിടിച്ചാണ് ഓർക്കുത്തെ പ്രദീപ് ജാക്കിയുടെ യാത്ര. മത്സ്യത്തൊഴിലാളിയായ പ്രദീപ് എത്ര തിരക്കിട്ടുള്ള പണിക്കിടയിലും പാട്ടു പാടാനുള്ള സമയം കണ്ടെത്തും. ഇരുപതാം വയസ്സിൽ പ്രണയിച്ച് തുടങ്ങിയതാണ് സംഗീതത്തെ. അമ്മ മൂളിക്കൊടുത്ത വരികളിൽ നിന്നും പാടാൻ ആരംഭിച്ച ജാക്കി ശാസ്ത്രീയമായ സംഗീതപഠനമൊന്നും അഭ്യസിച്ചിട്ടില്ല. ആ കുറവൊന്നും ജാക്കിയുടെ പാട്ടിനെ ബാധിച്ചിട്ടുമില്ല.
ഏത് പാട്ടും മനോഹരമായി പാടാനുള്ള കഴിവ് 47ാം വയസ്സിലും ഇദ്ദേഹത്തിനുണ്ട്. മടക്കരയിലെ സംഗീത ട്രൂപ്പിനൊപ്പം സഞ്ചരിച്ച് കേരളത്തിൽ മാത്രമല്ല ബോംബെയിലെയും ആസ്വാദക മനസ്സുകളിൽ ജാക്കിയുടെ പാട്ടുകൾ ഇടം നേടി. കോവിഡ് കാലമായതോടെ സമൂഹ മാധ്യമങ്ങളിലൂടെയും ജാക്കി പാട്ടിെൻറ പാലാഴി തീർത്തു. പല പാട്ടുകളും അരലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. നാടൻ പാട്ട്, സിനിമ ഗാനങ്ങൾ, മാപ്പിളപ്പാട്ട് എന്നിങ്ങനെ ഏത് പാട്ടും അനായാസമായി ജാക്കി പാടും.
ട്രൂപ്പുകളിൽ പാട്ട് പാടിയാൽ പ്രതിഫലമൊന്നും ജാക്കി വാങ്ങാറില്ല. മാത്രമല്ല താൻ ചെയ്യുന്ന ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിെൻറ ഒരുഭാഗം എല്ലാ മാസവും അസുഖ ബാധിതർക്ക് സഹായമായി ജാക്കി നൽകാറുണ്ട്. കൂടാതെ അസുഖ ബാധിതരെ സഹായിക്കാൻ തെരുവുകളിൽ പാട്ടുപാടി ധന സമാഹരണവും നടത്താറുണ്ട്. അച്ഛെൻറ വഴിയിൽ തന്നെയാണ് മക്കളായ കെ.വി . മാളവികയും കെ.വി. അലനും. ഭാര്യ കെ.വി. രേഖയും മറ്റൊരു മകൻ കെ.വി. ആദിത്യനും ഇവരുടെ സംഗീതത്തിന് പ്രോത്സാഹനം പകർന്ന് ഒപ്പമുണ്ട്.
ഓർക്കുളത്തെ പാട്ട് കുടുംബം എന്നാണ് ഇവർ അറിയപ്പെടുന്നത്. സിനിമയിൽ പാടുക എന്ന ജാക്കിയുടെ സ്വപ്നവും പൂവണിയാൻ പോവുകയാണ്. 'ഇമ്മിണി ബല്യ മമ്മൂക്ക' എന്ന സിനിമയിൽ പാടാനുള്ള അവസരവും തേടിയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.