ചെറുവത്തൂർ: തേജസ്വിനി പുഴയോരം കരയിടിച്ചൽ ഭീഷണിയിൽ. പത്ത് കിലോമീറ്ററോളം ദൂരത്തെ തീരദേശ കുടുംബങ്ങളാണ് കരയിടിച്ചിൽ ഭീഷണിയിലുള്ളത്. കയ്യൂർ മുതൽ കാക്കടവ് വരെയുള്ള കാര്യങ്കോട് പുഴയുടെ ഇരുകരകളും കരയിടിച്ചൽ ഭീഷണിയിലാണ്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കിടക്കുന്നത് കൃഷിയെയും ബാധിക്കുന്നു. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് വന്നതിനു ശേഷമാണ് കരയിടിച്ചൽ കൂടുതലെന്ന് തീരദേശവാസികൾ പറയുന്നു.
വേനൽക്കാലത്ത് ഷട്ടർ അടക്കുന്നതിന്റെ ഫലമായി വെള്ളം ഒന്നര മീറ്ററിലേറെ ഉയർന്നു നിൽക്കുന്നു. ഇതു മൂലം താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറി കിടക്കുന്നു. മഴക്കാലത്തെ ശക്തമായ കുത്തൊഴുക്കിൽ കരയിടിച്ചി ൽ രൂക്ഷമാകുന്നു. നിരവധി പേർക്കാണ് കൃഷിയും സ്ഥലവും നഷ്ടപ്പെടുന്നത്. വാഴ, നെല്ല്, കവുങ്ങ് ,തെങ്ങ് തുടങ്ങിയവയെല്ലാം നഷ്ടപ്പെടുന്നു.
ഓരോ വർഷവും കരയിടിച്ചിലിന്റെ ഫലമായി സ്ഥലം നഷ്ടപ്പെടുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ഷട്ടർ കം ബ്രിഡ്ജ് നിർമാണ സമയത്ത് പുഴക്ക് അരിക് കെട്ടി തരുമെന്ന് വാഗ്ദാനം നൽകിയതായി ഇവർ പറയുന്നു. കരിങ്കല്ലു കൊണ്ട് അരിക് കെട്ടുക മാത്രമാണ് ഏക പരിഹാരം. ജനപ്രതിനിധികൾക്കും കലക്ടർക്കും നാട്ടുകാർ നിവേദനം നൽകി കാത്തിരിക്കുകയാണ്. വെള്ളം കയറി നിൽക്കുന്നതും കരയിടിച്ചിലും ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്തി പരിഹാരം കണ്ടെത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.