ചെറുവത്തൂർ: എം.എം.ആർ വാക്സിൻ കിട്ടാനില്ല. ജില്ലയിൽ മുണ്ടിവീക്ക രോഗം പെരുകുന്നു. കവിളിലെ ഉമിനീർഗ്രന്ഥിയെ വൈറസ് ആക്രമിച്ച് ആ ഗ്രന്ഥി വീങ്ങുന്നതാണ് ഈ രോഗം. ചൂട് കൂടിയതിനെ തുടർന്ന് വളരെ വേഗത്തിലാണ് രോഗപ്പകർച്ച. വിദ്യാർഥികൾക്കാണ് ഈ രോഗം കൂടുതൽ പിടിപെടുന്നത്. രോഗത്തെതുടർന്ന് ക്രിസ്മസ് പരീക്ഷയായിട്ടും വിദ്യാലയങ്ങളിൽ കുട്ടികളുടെ ഹാജർനില കുറവായിരുന്നു.
ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും ക്വാറന്റീനിൽ നിന്നാൽ മാത്രമേ രോഗവ്യാപനം തടയാൻ കഴിയൂ.രോഗപ്രതിരോധത്തിന്റെ ഭാഗമായി എം.എം.ആർ വാക്സിനാണ് നൽകിയിരുന്നത്. പത്താം മാസത്തിലും ഒന്നര വയസ്സിലുമാണ് മുണ്ടിവീക്കം, അഞ്ചാംപനി, റുബെല്ല എന്നീ മൂന്ന് രോഗങ്ങളെ പ്രതിരോധിക്കാനായി ഈ വാക്സിൻ നൽകിയിരുന്നത്.
എന്നാൽ, കോവിഡിനു ശേഷം എം.എം.ആർ വാക്സിൻ ആശുപത്രികളിൽ എത്തിയില്ല. പകരം എം.ആർ വാക്സിൻ മാത്രമാണ് നൽകുന്നത്. ഇത് മുണ്ടിവീക്കം ഒഴിച്ച് അഞ്ചാംപനി, റുബെല്ല എന്നീ രോഗങ്ങളെ പ്രതിരോധിക്കാനാണ് നൽകുന്നത്. ഇതിനെ തുടർന്നാണ് മുണ്ടിവീക്കം വ്യാപകമായത്. ചെറിയ കുട്ടികൾക്കാണ് ഈ രോഗം വ്യാപകമായി പടരുന്നത്.
സാധാരണ ചൂടുകൂടിയ ഏപ്രിൽ, മേയ് മാസങ്ങളിൽ പിടിപെടാറുള്ള രോഗം ഇത്തവണ ആഗസ്തിൽതന്നെ ജില്ലയിൽ വ്യാപകമായി. പ്രതിരോധ മരുന്നോ ബോധവത്കരണമോ നൽകാതെ ആരോഗ്യ വകുപ്പ് അധികൃതർ ഈ രോഗവ്യാപനം കണ്ടില്ലെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.