കാഞ്ഞങ്ങാട് : വിഷം കഴിച്ച് ഗുരുതര നിലയിലായ യുവാവുമായി ജില്ല ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്ന 108 ആംബുലൻസ് ലോറിയിൽ ഇടിച്ചു. വിഷം കഴിച്ച് അവശനിലയിലുള്ള യുവാവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഒപ്പം ഉണ്ടായിരുന്ന നഴ്സിനും പരിക്കേറ്റു. ഇന്നലെ വൈകീട്ട് ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിന് സമീപത്താണ് അപകടം. ബല്ല അടമ്പിലെ രാജീവനാണ്(43) പരിക്കേറ്റത്. പടന്നക്കാട് റെയിൽവേ മേൽപാലത്തിലേക്ക് കയറുന്ന സമയത്താണ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന നാഷനൽ പെർമിറ്റ് ലോറിയിൽ ആംബുലൻസ് ഇടിച്ചത്.
വിഷം കഴിച്ചതിനെ തുടർന്ന് ഛർദിക്കുന്നതിനാൽ രാജീവന് ആംബുലൻസിൽ ബെൽറ്റ് ഇട്ടിരുന്നില്ല. സീറ്റിന്റെ കമ്പിയിൽ തല ശക്തമായി ഇടിച്ചാണ് പരിക്ക്. തലക്കേറ്റ പരിക്ക് ഗുരുതരമാണ്. ആരോഗ്യ വകുപ്പിന്റെ 108 ആംബുലൻസിലെ സ്റ്റാഫായ നഴ്സിനാണ് പരിക്കേറ്റത്. ഇവരുടെ പല്ലിനാണ് പരിക്കേറ്റത്. അപകട സ്ഥലത്ത് നിന്നും രാജീവനെ തിരിച്ച് വീണ്ടും ജില്ല ആശുപത്രിയിൽ എത്തിച്ചു. തലയിലെ മുറിവ് തുന്നിക്കെട്ടിയശേഷം മറ്റൊരു ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആംബുലൻസിൽ രണ്ടുപേർ കൂടി ഉണ്ടായിരുന്നുവെങ്കിലും ഇവർക്ക് പരിക്കേറ്റില്ല. ഡ്രൈവർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.