കാഞ്ഞങ്ങാട്: സീബ്രാലൈനിൽ സ്ഥാപിച്ച വിവാദ യു ടേൺ ഒടുവിൽ അധികൃതർ അടച്ചു. സീബ്ര ലൈനിലെ യൂ ടേൺ പരാതി ക്കൊടുവിലാണ് ഞായറാഴ്ച അടച്ചത്. കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡ് കഴിഞ്ഞ് തെക്കുഭാഗത്ത് ഡിവൈഡറിൽ ആദ്യം തന്നെ ലഭിക്കുന്ന യു ടേണാണിത്. ബസ് സ്റ്റാൻഡ് പരിസരത്ത് യു. ടേൺ ഇല്ലെന്ന പരാതി വ്യാപകമായിരുന്നു. ഇത് പരിഹരിക്കാനാണ് യു ടേൺ നിർമിച്ചത്. ഇതാണ് സീബ്രാ ലൈനിൽ നിർമിച്ച് വിവാദമുണ്ടായത്. സീബ്രാ ലൈൻ കൂടി ഉള്ളതിനാൽ അപകടത്തിനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയിരുന്നു. യാത്രക്കാർ കുറുകെ കടക്കുന്ന സമയത്ത് തന്നെ പിന്നാലെ വാഹനങ്ങളും ഇതുവഴി കടന്നു പോകുമ്പോൾ ഏതുനിമിഷവും അപകടസാധ്യത ഉണ്ടായിരുന്നു.
ഇതിനെതിരെ പൊതുപ്രവർത്തകൻ അംബുജാക്ഷൻ ആലാമിപ്പള്ളി ജില്ല കലക്ടർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം ജില്ല മേധാവികൾക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് യു ടേൺ അടച്ചത്. വ്യാപാര സ്ഥാപനത്തിന് സൗകര്യമൊരുക്കാൻ യൂ ടേൺ ഒരുക്കിയതിനു പകരം. ഇതിന് സമീപത്തുള്ള ജങ്ഷനിൽ യു ടേൺ അനുവദിക്കണമെന്ന ആവശ്യം ഉയർന്നു. ഓട്ടോ തൊഴിലാളികളും ഇരു ചക്ര വാഹനങ്ങൾക്കും ഏറെ ഉപകാരപ്രദമായിരുന്നു പഴയ എൽ.ഐ.സി ഓഫീസ് സമീപത്തെ ഈ യു ടേൺ. അധികൃതരുടെ തല തിരിഞ്ഞ സമീപനം മൂലം വിദ്യാർഥികൾ ഉൾപ്പെടെ കടന്ന് പോകുന്ന സീബ്ര ലൈനിൽ യു ടേൺ സ്ഥാപിച്ചതാണ് പൊല്ലാപ്പായത്. ഈ ഭാഗത്ത് മറ്റൊരു യു ടേൺ പെട്ടെന്ന് സ്ഥാപിച്ചില്ലെങ്കിൽ നഗരം ചുറ്റാൻ ചെറുകിട വാഹനങ്ങൾക്ക് ഇനിയങ്ങോട്ട് ടി.ബി റോഡ് ജങ്ഷൻ ചുറ്റിക്കറങ്ങേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.