ഹാരിസ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ചിത്താരിയിൽ കഴിഞ്ഞദിവസം രാത്രി പിടികൂടിയത് ലക്ഷങ്ങൾ വിലവരുന്ന 7000 പാക്കറ്റ് പാൻമസാലകൾ.
ലഹരി കടത്തിയ ഓട്ടോ പൊലീസ് കസ്റ്റഡിയിലാണ്. ഡ്രൈവർ മധൂർ പട്ളയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹാരിസിനെതിരെ (45) ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ചിത്താരി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ലഹരിയുമായി ഓട്ടോ നിർത്തിയിട്ടത് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.
എസ്.ഐ ടി. അഖിലിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഓട്ടോയും ഏഴു ചാക്കുകളിൽ നിറച്ചിരുന്ന ലഹരി പാക്കറ്റുകളും ഹോസ്ദുർഗ് സ്റ്റേഷനിലേക്ക് മാറ്റി.
മംഗളൂരുവിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് വിൽപനക്ക് കൊണ്ടുവരുകയായിരുന്നു. കൂൾലിപ്, ഹാൻസ്, വിമൽ, ചൈനി, മാരുതി, മധു, രാജശ്രീ, ഡബിൾ ബ്ലാക്ക് ഉൾപ്പെടെ പേരുകളിലുള്ളതാണിവ. 10 രൂപ മുതൽ 300 രൂപവരെ ഓരോ പാക്കറ്റിനും വിലയുണ്ട്.
നീലേശ്വരം: എം.ഡി.എം.എയുമായി നീലേശ്വരത്ത് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പടന്നക്കാട് സ്വദേശി കൂമന് വിഷ്ണുവിനെയാണ് (28) പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 19 ഗ്രാം എം.ഡി.എം.എ പിടികൂടി.
ബംഗളൂരുവിൽനിന്ന് യശ്വന്ത്പുർ എക്സ്പ്രസിൽ നീലേശ്വരത്തേക്ക് എം.ഡി.എം.എയുമായി വരുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിൻ ഇറങ്ങിയശേഷം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശനിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു.
കൂമന് വിഷ്ണു
കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഡിവൈ.എസ്.പിയുടെ കീഴിലുള്ള സ്പെഷൽ ടീം അംഗങ്ങൾ ട്രെയിനിൽ കയറി യുവാവിനെ നിരീക്ഷിച്ചിരുന്നു. സംശയം തോന്നിയ പ്രതി കമ്പാർട്ട്മെന്റ് മാറി കയറിയെങ്കിലും നീലേശ്വരം സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ പിടികൂടുകയായിരുന്നു. സ്ഥിരം ക്രിമിനൽ കേസിൽ ഏർപ്പെടുന്ന പ്രതി 12ഓളം കേസിൽപ്പെട്ട് കാപ്പ ശിക്ഷ അനുഭവിച്ചിരുന്നു.
നീലേശ്വരം എസ്.ഐമാരായ അരുണ്‍ മോഹന്‍, കെ.വി. രതീഷ്, ഡിവൈ.എസ്.പി സ്ക്വാഡിലെ അബൂബക്കര്‍ കല്ലായി, സജീഷ്, നിഖില്‍ നീലേശ്വരം പൊലീസ് ഉദ്യോഗസ്ഥരായ ദിലീഷ് പള്ളിക്കൈ, രമേശന്, മഹേഷ്, സഞ്ജിത്ത്, അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.