കാഞ്ഞങ്ങാട്: 59കാരനിൽനിന്ന് അഞ്ച് ലക്ഷം തട്ടിയ ഹണിട്രാപ് സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെയാണ് മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണ സ്വദേശി പി. ഫൈസൽ (37), ഭാര്യ കുറ്റിക്കാട്ടൂർ സ്വദേശി ലുബ്ന (29), കാസർകോട് ഷിറിബാഗിലു സ്വദേശി എൻ. സിദ്ദീഖ് (48), മാങ്ങാട് സ്വദേശി ദിൽഷാദ് (40), മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ്രിയ (40), മാങ്ങാട് സ്വദേശി അബ്ദുല്ലക്കുഞ്ഞി (32), പടന്നക്കാട് സ്വദേശി റഫീഖ് (42) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫോണിലൂടെ ലുബ്ന മാങ്ങാട് സ്വദേശിയെ പരിചയപ്പെട്ടതിനുശേഷമാണ് തട്ടിപ്പിന് തുടക്കം.
ലാപ്ടോപ് വാങ്ങാനെന്ന വ്യാജേന കഴിഞ്ഞ 25ന് ഉച്ചക്ക് ലുബ്ന, മധ്യവയസ്കനെ മംഗലാപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഹോട്ടൽമുറിയിൽവെച്ച് തന്നോടൊത്തുള്ള നഗ്നചിത്രം യുവതി എടുത്തെന്നാണ് പരാതി. പിന്നീട് നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി. പടന്നക്കാടുള്ള ഏതോ വീട്ടിൽവെച്ച് ബലാത്സംഗം ചെയ്തെന്നും ഇക്കാര്യം നാട്ടുകാരോടും വീട്ടുകാരോടും പറയുമെന്നും ഭീഷണിപ്പെടുത്തി. ജീവിതം തകർക്കുമെന്നും ഭീഷണിപ്പെടുത്തി. പടന്നക്കാട്ടെ വീട്ടിൽ തടവിൽ പാർപ്പിച്ചശേഷം പ്രതികൾ ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചു. ആദ്യം ഗൂഗിൾ പേ വഴി പതിനായിരം രൂപ വാങ്ങി.
വീണ്ടും ഭീഷണിപ്പെടുത്തി 26ന് 4, 90,000 രൂപയും വാങ്ങിയെന്നാണ് പരാതി. കൂടുതൽ പണം ആവശ്യപ്പെട്ട് പ്രതികൾ ഭീഷണി തുടർന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. കേസെടുത്ത് ഒരു ദിവസത്തിനുള്ളിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.