കാഞ്ഞങ്ങാട്: ഒടയംചാൽ ചക്കിട്ടടുക്കത്ത് പറമ്പിൽ കെട്ടിയിരുന്ന ആടിനെ പുലി കടിച്ചുകൊന്ന് ഭക്ഷിച്ചതിനെതുടർന്ന് വനപാലകർ കാമറ കെണി സ്ഥാപിച്ചു. നാട്ടുകാർ ഭീതിയിലാണ്. കർഷകന്റെ വീടിന് 200 മീറ്റർ അകലെ കെട്ടിയിട്ട ആടിനെയാണ് പുലി പിടിച്ചത്. മരത്തിൽ കെട്ടിയിരുന്ന ആടിനെ കഴിഞ്ഞ ദിവസം പട്ടാപ്പകൽ പുലി കൊന്ന് ഭൂരിഭാഗവും ഭക്ഷിച്ച നിലയിലായിരുന്നു.
വനം വകുപ്പിലെ പനത്തടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബിമൽരാജ്, വിഷ്ണു കൃഷ്ണൻ, കെ. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തി. ആടിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം വകുപ്പ് അധികൃതരും കരുതുന്നു. മരുതോം വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്.
കഴിഞ്ഞ മാസവും ഇവിടെ പുലിയെ കണ്ടിരുന്നു. എന്നാൽ, വളർത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നില്ല. പരപ്പ, പന്നിയെറിഞ്ഞകൊല്ലി, വീട്ടിയോടി ഭാഗത്ത് ഒരു മാസം മുമ്പ് പുലിയിറങ്ങി ആടിനെ പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിലെ ആയമ്പാറ, പാറപ്പള്ളി തട്ടുമ്മൽ എന്നിവിടങ്ങളിലും നാട്ടുകാർ പുലിയെ കണ്ടിരുന്നു. മടിക്കൈ, വെള്ളുട, വാഴക്കാട് ഭാഗങ്ങളിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ ഒന്നിൽ കൂടുതൽ പുലിയുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.