കാഞ്ഞങ്ങാട്: ഗൃഹനാഥനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പാണത്തൂർ പുത്തൂരടുക്കം പനച്ചിക്കാട് വീട്ടിൽ പി.വി. ബാബു (65) വിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ സീമന്തിനി (48), വിദ്യാർഥിയായ മകൻ സബിൻ (19) എന്നിവർക്കെതിരെ രാജപുരം ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വിവാഹ മോചനത്തിന് ബാബു സ്ഥിരമായി നിർബന്ധിച്ചിരുന്നു. ഇതാണ് കൊലക്ക് പിന്നിലുള്ള കാരണമെന്ന് അന്വേഷണ സംഘം കുറ്റപത്രത്തിൽ വ്യക്തമാക്കി. 30 സാക്ഷികളാണ് കേസിലുള്ളത്. സീമന്തിനി ഒന്നാംപ്രതിയാണ്. മകനാണ് രണ്ടാംപ്രതി. നെഞ്ചിൻകൂട് തകർന്നതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. വാരിയെല്ല് ഹൃദയത്തിൽ തുളച്ചു കയറുകയും ചെയ്തിരുന്നു.
കൊലക്ക് പിന്നിൽ താൻ മാത്രമായിരുന്നുവെന്നാണ് സീമന്തിനി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഒരാൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന കൃത്യമല്ലെന്ന സംശയത്താൽ കൂടുതൽ അന്വേഷിച്ചപ്പോഴാണ് മകനും കൊലക്ക് പിന്നിൽ പ്രവർത്തിച്ചതായി തെളിഞ്ഞത്. മദ്യ ലഹരിയിൽ വീട്ടിലെത്തിയ ബാബു ഭാര്യയുമായി കൈയ്യാങ്കളി നടത്തിയിരുന്നു. ഇതിനിടെ ബാബു കത്തികൊണ്ട് സീമന്തിനിയെ വെട്ടുകയും ചെയ്തു. ഇതോടെയാണ് അകത്തെ മുറിയിലുണ്ടായിരുന്ന മകൻ സബിനും കൃത്യത്തിൽ ഇടപെട്ടത്. വീടിനു സമീപം റോഡിലാണ് രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ കാണുന്നത്. വീണ് മരിച്ചെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിച്ചില്ല. ആക്രമിക്കാൻ ഉപയോഗിച്ച മരവടി , കല്ല് എന്നിവ വീടിന് സമീപം ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.
റിമാൻഡിൽ കഴിഞ്ഞ പ്രതികൾ അടുത്തിടെ ജാമ്യത്തിലിറങ്ങി. 2023 ഏപ്രിൽ ഏഴിനായിരുന്നു കൊലപാതകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.