കാഞ്ഞങ്ങാട്: സർവീസ് സഹകരണ ബാങ്കുകളെ ലക്ഷ്യമിട്ട് സ്വർണ പണയ തട്ടിപ്പ് സംഘമുണ്ടെന്ന് സംശയം. അഞ്ച് സഹകരണ ബാങ്കുകൾ ഇതിനോടകം തട്ടിപ്പിനിരയായി. 15 ലക്ഷത്തിലേറെ രൂപ ബാങ്കുകൾക്ക് നഷ്ടമായി. ബാങ്കിൽ ചുമതലയുള്ള അപ്രൈസറുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ബാങ്കുകൾ പണയക്കാർക്ക് തുക നൽകാറുള്ളത്. വിദഗ്ധരായ അപ്രൈസർമാർക്ക് ആഭരണത്തിൽ നടത്തിയ വലിയ തട്ടിപ്പ് കണ്ടുപിടിക്കാനാവുന്നില്ല. ഇതുതന്നെയാണ് ബാങ്കുകൾ കേന്ദ്രീകരിച്ച് തട്ടിപ്പുകൾ ആവർത്തിക്കുന്നതിനിടയാക്കുന്നത്. രഹസ്യ കേന്ദ്രത്തിൽ തട്ടിപ്പിന് വേണ്ടി മാത്രം ഇത്തരത്തിൽ പ്രത്യേകമായി ആഭരണങ്ങൾ നിർമിക്കപ്പെടുന്നുവെന്ന് കരുതുന്നു. അഞ്ച് ബാങ്കുകളിലും നടന്നത് സ്വർണ വളകൾ എന്ന പേരിൽ വ്യാജവളകൾ നൽകിയാണ്.
ആഭരണ നിർമാണ ഫാക്ടറിയിൽ ആദ്യം കട്ടിയേറിയ ചെമ്പ് വളകൾ നിർമിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിനുശേഷം ചെമ്പ് വളകൾക്ക് മുകളിൽ കട്ടിയിൽ തന്നെ ഒറിജിനൽ സ്വർണം പതിക്കും. മുകൾ ഭാഗത്ത് എത്ര ഉരച്ചുനോക്കിയാലും അകത്ത് ഒളിഞ്ഞിരിക്കുന്ന ചെമ്പ് അപ്രൈസർക്ക് കണ്ടെത്താനാവില്ല. ആഭരണം മുറിച്ചാൽ മാത്രമെ അകത്തെ ചെമ്പ് കണ്ടെത്താനാവൂ. ബാങ്കിൽ ആഭരണം മുറിച്ചു പരിശോധിക്കാനാവില്ല. ഇതാണ് തട്ടിപ്പുസംഘം മുതലെടുക്കുന്നത്.
കഴിഞ്ഞയാഴ്ച ചീമേനി പൊലീസ് പരിധിയിലെ മൂന്ന് സഹകരണ ബാങ്കുകൾ സ്വർണമെന്ന വ്യാജേന ചെമ്പുവള പണയപ്പെടുത്തിയത് കണ്ടെത്തിയിരുന്നു. ഈ കേസിലെ രണ്ട് പ്രതികൾ അറസ്റ്റിലായി റിമാൻഡിലാണ്. കഴിഞ്ഞ ദിവസം നീലേശ്വരത്ത് ഒരു ബാങ്കിലും വ്യാജ സ്വർണം പണയപ്പെടുത്തി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. കാഞ്ഞങ്ങാട്ട് ഹോസ്ദുർഗ് സഹകരണ ബാങ്കിലെ പ്രധാന ബ്രാഞ്ചിൽ മൂന്ന് തട്ടിപ്പുകളും ആറങ്ങാടി ബ്രാഞ്ചിൽ ഒരു തട്ടിപ്പും കണ്ടെത്തി. ആറുലക്ഷം രൂപ ഹോസ്ദുർഗ് ബാങ്കിന് മാത്രം നഷ്ടമായി. ബാങ്ക് അധികൃതരുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് നാലുകേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാനായില്ല. വ്യാജ സ്വർണ വളകൾ നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടാൻ പ്രത്യേക അന്വേഷണം നടക്കേണ്ടതുണ്ടെന്ന് ബാങ്ക് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.