കാഞ്ഞങ്ങാട് : മടിക്കൈ മൂന്നുറോഡ് നാന്തം കുഴിയിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ മയക്കു വെടിവെച്ച് പിടികൂടി. തൃശൂരിൽ നിന്നുമെത്തിയ ഡോക്ടറും സംഘവുമാണ് മയക്കുവെടിവച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു തവണ വെടിവച്ചെങ്കിലും കാട്ടുപോത്ത് വഴങ്ങിയില്ല. കുറച്ച് സമയത്തിനു ശേഷം വീണ്ടും മയക്കുവെടിവച്ചതിന് ശേഷമാണ് കാട്ടുപോത്തിനെ പിടികൂടിയത്. ഏറെ നേരത്തെ പരിശ്രമഫലമായി ടിപ്പർ ലോറിയിൽ കയറ്റി.
മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നും കാട്ടുപോത്തിനെ പള്ളഞ്ചി വനത്തിലെത്തിച്ച് ഉപേക്ഷിച്ചതായി ഡി.എഫ്.ഒ കെ. അഷറഫ് പറഞ്ഞു. അദ്ദേഹത്തിന് പുറമെ കാഞ്ഞങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സേസപ ഉൾപ്പെടെ വനപാലകരും പൊലീസും നാട്ടുകാർ ഉൾപ്പെടെ ഏറെ പണിപ്പെട്ടാണ് കാട്ടുപോത്തിനെ ലോറിയിൽ കയറ്റിയത്. കഴിഞ്ഞ ഞായറാഴ്ച കിണറ്റിൽ വീണ കാട്ടുപോത്തിനെ രാത്രി വൈകി കിണറ്റിൽ നിന്നും കരക്കെത്തിച്ചെങ്കിലും തുടർനടപടി സ്വീകരിക്കാനായില്ല.
ആളുകൾ തടിച്ചുകൂടിയതിനാൽ വൈകീട്ട് കാട്ടുപോത്തിനെ പുറത്തെത്തിക്കാനുള്ള ശ്രമം വനപാലകർ ഉപേക്ഷിച്ചു. ആളുകൾ മുഴുവൻ പിരിഞ്ഞ് പോയശേഷം രാത്രി ഏറെ വൈകിയാണ് കാട്ടുപോത്തിനെ കിണറ്റിൽ നിന്നും കരയിലെത്തിച്ചത്. പുറത്തെത്തിക്കുന്ന സമയം വിരണ്ട് നിൽക്കുന്ന പോത്ത് ആളുകളെ ഉപദ്രവിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ദൗത്യം രാത്രിയിലേക്ക് മാറ്റിയത്. കിണറിൽ നിന്നും ചാല് കീറിയാണ് പുറത്തെത്തിച്ചത്. പുറത്തെത്തിച്ച ഉടനെ ഡ്രൈവ് ചെയ്ത് പോത്തിനെ കാട് കയറ്റാനായിരുന്നു വനപാലകർ പദ്ധതി തയാറാക്കിയത്.
വീഴ്ചയിൽ കാലിന് പരിക്കേറ്റതിനാൽ കാട്ടുപോത്ത് ഓടിയില്ല. കിണറിനടുത്തുള്ള കുറ്റിക്കാട്ടിൽ കഴിഞ്ഞ കാട്ടുപോത്തിനെയാണ് ഒടുവിൽ പിടികൂടിയത്. മടിക്കൈ, അമ്പലത്തറ ഭാഗങ്ങളിൽ പോത്ത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. നാന്തം കുഴിയിലെ വിജയന്റെ വീട്ടുപറമ്പിലെ കിണറ്റിൽ ആണ് വീണത്. ബോവിക്കാനം ഭാഗത്ത് നിന്നും കൂട്ടംതെറ്റിയെത്തിയതാകാം കാട്ടുപോത്തെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.