നീലേശ്വരം: കച്ചേരിക്കടവ് പാലം നിർമാണം തകൃതിയിൽ നടക്കുന്നു. എന്നാൽ, പുഴവെള്ളം ഉപയോഗിച്ച് നിർമാണം നടത്തുന്നതായി നാട്ടുകാരുടെ ആക്ഷേപം. ഉപ്പുകലർന്ന വെള്ളം നിർമാണത്തിന് ഉപയോഗിക്കുന്നത് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയത്തിന് കാരണമാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
ദേശീയപാത നിടുങ്കണ്ടയിൽനിന്ന് നീലേശ്വരം നഗരവുമായി ബന്ധിപ്പിച്ച് നിർമാണം പുരോഗമിക്കുന്ന കച്ചേരിക്കടവ് പാലത്തിന്റെ തൂൺ നിർമാണത്തിനാണ് പുഴയിലെ ഉപ്പുവെള്ളം ഉപയോഗിക്കുന്നത്. സിമൻറും ജില്ലിയും ചേർത്ത് മിക്സാക്കുന്ന യന്ത്രത്തിലേക്ക് പുഴയിലെ വെള്ളം ഉപയോഗിച്ച് തൂണുകൾ കോൺക്രീറ്റ് ചെയ്യുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇങ്ങനെ നിർമാണം നടത്തിയാൽ പാലത്തിന് എന്തുറപ്പുണ്ടാകുമെന്ന് നാട്ടുകാർ സൈറ്റ് സൂപ്പർവൈസറോട് ചോദിച്ചു.
നാട്ടുകാർ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ കരാറുകാരൻ ഇനി മുതൽ നല്ലവെള്ളം പുറത്തുനിന്ന് കൊണ്ടുവന്ന് നിർമാണം നടത്തുമെന്ന് അറിയിച്ചെങ്കിലും നടപ്പായില്ല. മിക്സ് ചെയ്യുന്ന യന്ത്രത്തിൽ 30ലധികം ചാക്ക് സിമന്റ് ഒന്നിച്ച് നിറച്ചശേഷം പുഴവെള്ളം ചേർത്താണ് ഉപയോഗിക്കുന്നത്. ലോറിയിൽ വെള്ളം കൊണ്ടുവരുന്ന ചെലവ് ലാഭിക്കാനാണ് പുഴവെള്ളം ഉപയോഗിക്കുന്നതെന്നാണ് ആക്ഷേപം.
പുഴയിൽ തൂണുകൾ നിർമിക്കുന്ന പ്രവൃത്തിയാണ് അതിവേഗം നടക്കുന്നത്. 24.85 മീറ്റർ, 26 മീറ്റർ, 55 മീറ്റർ എന്നിങ്ങനെ നീളമുള്ള ഓരോ സ്പാനും 12.5 മീറ്റർ നീളമുള്ള ആറു സ്പാനും ഉൾക്കൊള്ളുന്നതാണ് പാലം. 180.85 മീറ്റർ നീളമുള്ള പാലത്തിൽ 11 മീറ്റർ വീതിയിൽ ഇരുഭാഗത്തും നടപ്പാതയും നിർമിക്കും. രാജാറോഡ് ഭാഗത്തേക്ക് 192 മീറ്ററും ദേശീയപാത ഭാഗത്തേക്ക് 292 മീറ്ററും ഉൾപ്പെടെ അനുബന്ധ റോഡും നിർമിക്കും. കിഫ്ബി പദ്ധതിയിൽ 38.60 കോടി രൂപയാണ് അനുവദിച്ചത്. നിർമാണം പൂർത്തിയായാൽ ദേശീയപാത മാർക്കറ്റ് ജങ്ഷൻ ചുറ്റാതെ കച്ചേരിക്കടവ് പാലത്തിലൂടെ നീലേശ്വരം പുതിയ നഗരസഭ ഓഫിസിന് മുന്നിൽ കൂടി നഗരത്തിൽ എളുപ്പത്തിൽ എത്താൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.