അങ്കക്കളരി പമ്പ് ഹൗസ്
നീലേശ്വരം: നഗരസഭയിലെ അങ്കക്കളരി പാടശേഖരത്തിലെ പമ്പ് ഹൗസ് മോട്ടോറിന്റെ വൈദ്യുതി ബന്ധം മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചു. നീലേശ്വരം വൈദ്യുതി ഓഫീസ് ജീവനക്കാരെത്തിയാണ് ബന്ധം വിച്ഛേദിച്ചത്. ബിൽ കുടിശ്ശിക അടക്കാനുണ്ടെന്ന് പറഞ്ഞാണ് കൃഷിക്ക് മാത്രം ഉപയോഗിക്കുന്ന മോട്ടോർ ബന്ധം വിച്ഛേദിച്ചത്. സമീപത്തെ കുളത്തിലെ വെള്ളമാണ് നെൽകൃഷിക്കും പച്ചക്കറി കൃഷിക്കും ഉപയോഗിച്ചിരുന്നത്.
എന്നാൽ നഗരസഭ ഫണ്ട് ഉപയോഗിച്ചു കുളം നന്നാക്കുന്നതിനിടയിൽ വെള്ളം പോകാൻ കുഴിച്ചിട്ടിരുന്ന പൈപ്പെല്ലാം പൊട്ടി ഉപയോഗശൂന്യമായി. അതുകൊണ്ടുതന്നെ പാടശേഖര സമിതിയുടെ ഏക്കർ കണക്കിന് നെൽകൃഷി വെള്ളം കിട്ടാത്തതിനാൽ ഉണങ്ങി നശിക്കാൻ തുടങ്ങി. പാടശേഖരത്തിലെ കൃഷിക്കാർ നെൽകൃഷിക്കും അതുകഴിഞ്ഞാൽ പച്ചക്കറി കൃഷിക്കും വെള്ളം നനക്കുന്നത് കുളത്തിൽ സ്ഥാപിച്ച വൈദ്യുതി മോട്ടോർ ഉപയോഗിച്ചാണ്.
മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് പാടശേഖര സമിതി സെക്രട്ടറി നാരായണൻ അങ്കക്കളരി പറഞ്ഞു. മഴ കുറഞ്ഞതിനാൽ വയലിൽ ഞാറ് നടുമ്പോൾ വെള്ളമില്ലാതായി. സമീപത്തെ വീടുകളിലെ പമ്പുകളിൽ നിന്നും വെള്ളം കോരിയൊഴിച്ചാണ് ഞാറ് നട്ടത്. എന്നാൽ ഞാറ് നട്ടിട്ടും മഴയില്ലാത്തതുകൊണ്ട് പാടം വറ്റി വരണ്ടു കൃഷി ഉണങ്ങാറായ സ്ഥിതിയിലാണ്. എത്രയും പെട്ടെന്ന് വൈദ്യുതി പുന:സ്ഥാപിച്ചുകിട്ടാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.