നീലേശ്വരം: കിനാനൂർ -കരിന്തളം പഞ്ചായത്തിലെ പരപ്പ മാളൂർക്കയത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകിയ എലിപ്പനി പ്രതിരോധ ഗുളികകൾ കാലാവധി കഴിഞ്ഞതെന്ന് പരാതി. 2023 മേയ് മാസം വിൽപന കാലാവധി കഴിഞ്ഞ ഗുളികകളാണ് ജൂലായിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിതരണം ചെയ്തത്. പഞ്ചായത്തിലെ പി.എച്ച്.സികളിൽനിന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം ഫാർമസിയിൽനിന്ന് കൈപ്പറ്റിയ മരുന്നുകൾ തൊഴിലുറപ്പ് മേറ്റുമാരാണ് തൊഴിലാളികൾക്ക് വിതരണം ചെയ്തത്.
ഇങ്ങനെ വിതരണംചെയ്ത എലിപ്പനി പ്രതിരോധ ഗുളികകളാണ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. ഇതുപോലെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ഗുളികകൾ വിതരണം ചെയ്തിട്ടുള്ളതായും സൂചനയുണ്ട്. സംഭവമറിഞ്ഞ് ഗുളികകൾ കഴിച്ച ആളുകൾ വലിയ ആശങ്കയിലാണ്.
മരുന്നുവിതരണത്തിലെ അശ്രദ്ധയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മരുന്ന് വിതരണത്തിൽ ഗുരുതരവീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് കിനാനൂർ -കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിരോധ മരുന്ന് എന്നുപറഞ്ഞു എന്ത് നൽകിയാലും മതിയെന്നും ജനങ്ങളുടെ മരണംപോലും പ്രശ്നമല്ല എന്ന സർക്കാർ നയമാണ് ഇതിന് പിന്നിലെന്നും സംസ്ഥാന മെഡിക്കൽ കോർപ്പറേഷന് എങ്ങിനെയും ലാഭമുണ്ടാക്കാൻ ജനങ്ങളെ കൊലക്ക് കൊടുക്കരുതെന്നും മണ്ഡലം കമ്മിറ്റി അഭ്യർഥിച്ചു. അടിയന്തിരമായും ജില്ല മെഡിക്കൽ ഓഫിസർ വിതരണംചെയ്ത സ്ഥലത്തെത്തി കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരക്കണമെന്നും മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.