നീലേശ്വരം: ഉത്തര മലബാറിലെ ഉൾനാടൻ ജലാശയങ്ങളിലൂടെയുള്ള യാത്രാനുഭൂതി ആസ്വദിക്കുവാൻ ടൂറിസം വകുപ്പ് എട്ട് കോടി രൂപ ചെലവഴിച്ച് നിർമിച്ച കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനൽ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു മാസമായിട്ടും യാത്ര ചെയ്യേണ്ട റോഡ് ടാറിങ് നടക്കാതെ കിടക്കുന്നു. ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും റോഡ് നിർമാണം പൂർത്തിയാക്കാൻ ടൂറിസം വകുപ്പിന് ഇതുവരെ കഴിഞ്ഞില്ല.
കോട്ടപ്പുറം സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ച് പുഴയോരത്തെ ടെർമിനലിലേക്ക് അവസാനിക്കുന്ന ഒന്നര കിലോമീറ്റർ റോഡാണ് അധികൃതരുടെ പിടിപ്പുകേട് മൂലം ടാറിങ് നടത്താതെ കിടക്കുന്നത്. മുപ്പതിലധികം ഹൗസ് ബോട്ടുകൾ കോട്ടപ്പുറം ടെർമിനൽ കേന്ദ്രീകരിച്ച് സഞ്ചാരം നടത്തുന്നുണ്ട്. വിദേശികളും സ്വദേശികളുമടക്കം നൂറുകണക്കിന് സഞ്ചാരികളാണ് കായൽ സൗന്ദര്യം ആസ്വദിക്കാൻ ഇവിടെ എത്തുന്നത്. നല്ലൊരു റോഡ് ഇല്ലെന്ന് മാത്രമല്ല സഞ്ചാരികൾക്കുള്ള പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെ കുറവാണ്. റോഡ് ആരംഭിക്കുന്ന കോട്ടപ്പുറത്ത് ഹുസ് ബോട്ട് ടെർമനിലേക്കുള്ള ദിശാസൂചകായി പ്രവേശന കവാടം നിർമിക്കുമെന്ന വാഗ്ദാനവും നടപ്പിലായില്ല. നല്ലൊരു റോഡ് നിർമിക്കാൻ ടൂറിസം വകുപ്പിന് കഴിയാത്തത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലം മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.