നീലേശ്വരം: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം നീലേശ്വരം ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് യാഥാർഥ്യമാകുന്നു. ബസ് സ്റ്റാൻഡ് നിർമാണത്തിനായി കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷൻ 14.53 കോടി രൂപയുടെ വായ്പ അനുവദിച്ചു. ഒമ്പത് ശതമാനം പലിശക്കാണ് നഗരസഭക്ക് വായ്പ നൽകുന്നത്. വായ്പക്കായി കോര്പറേഷന് നിഷ്കര്‍ഷിച്ച നിബന്ധനകള്‍ ചൊവ്വാഴ്ച നടന്ന നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. പദ്ധതി വിഹിതമായി 1.61 കോടി രൂപയാണ് നഗരസഭ കണ്ടെത്തേണ്ടത്. 2026 ൽ പണി പൂർത്തീകരിക്കണമെന്നാണ് നിബന്ധന. വായ്പയെടുക്കുന്നതിന് മുന്നോടിയായി കെ.യു.ആര്.ഡി.എഫ്.സി അംഗീകരിക്കുന്ന ബാങ്കില്‍ നഗരസഭ സെക്രട്ടറിയും കെ.യു.ആര്.ഡി.എഫ് മേധാവിയും എസ്ക്രോ അക്കൗണ്ട് തുറക്കണമെന്നും ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സിലെ മുഴുവന്‍ വരുമാനവും ഈ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നുമാണ് നിബന്ധന.
ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിലെ ലേലനടപടികളില്നിന്നും ലഭിക്കുന്ന നിക്ഷേപ തുകയില്‍ 2.62 കോടി രൂപ കെ.യു.ആര്.ഡി.എഫ്.സി.യിലേക്ക് തിരിച്ചടക്കണമെന്നും വ്യവസ്ഥയുണ്ട്. നിലവിലുള്ള താൽക്കാലിക ബസ് സ്റ്റാൻഡിന് അഭിമുഖമായാണ് പുതിയ ബസ് സ്റ്റാൻഡ് നിര്‍മിക്കുക. മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള 92 സെന്റ് സ്ഥലത്ത് 36,500 ചതുരശ്ര അടിയില്‍ മൂന്ന് നിലകളോടുകൂടിയ കെട്ടിടമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. താഴത്തെ നിലയില്‍ 16ഉം ഒന്നാം നിലയില്‍ 28ഉം കടമുറികളും രണ്ടാംനിലയില്‍ 10 കടമുറികളും ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള എഴ് മുറികളുമാണ് പ്ലാനിലുള്ളത്. ഇതിന് പുറമെ 8000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കോണ്‍ഫറന്‍സ് ഹാളും ഉണ്ടാകും.
ബസ് സ്റ്റാൻഡിനോട് ചേർന്ന് ഓട്ടോറിക്ഷകള്‍ക്ക് അണ്ടർ പാര്‍ക്കിങ് സംവിധാനവും ഒരുക്കും. ബസ് സ്റ്റാൻഡിന്റെ താഴത്തെ നിലയിലായി കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കുമായി വിപുലമായ പാര്‍ക്കിങ് സംവിധാനവും വിഭാവനം ചെയ്തിട്ടുണ്ട്. ഒരേസമയം 20ല്‍പരം ബസുകള്‍ക്ക് സ്റ്റാൻഡില്‍ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുതിനുമുള്ള സൗകര്യം പുതിയ ബസ് സ്റ്റാൻഡിലുണ്ടാകും. ബസ് കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ശാസ്ത്രീയ സംവിധാനങ്ങളോടെയുളള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ശുചി മുറികളുടെ എണ്ണം പരമാവധി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ മുലയൂട്ടല്‍ കേന്ദ്രം, പൊലീസ് എയ്ഡ് പോസ്റ്റ്, ഇന്‍ഫര്‍മേഷന്‍ കൗണ്ടർ തുടങ്ങിയ സൗകര്യങ്ങളും അനുബന്ധമായി ഒരുക്കും. 2018 നവംബറിലായിരുന്നു കാലപ്പഴക്കം കാരണം പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.