നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി വഴിയില്ലാതെ വലയുകയാണ് പാതയോരത്ത് താമസിക്കുന്ന കുടുംബങ്ങൾ. ദേശീയപാത റോഡ് വികസനം തകൃതിയായി നടക്കുമ്പോൾ വർഷങ്ങളായി റോഡിന് സമീപം താമസിക്കുന്നവരാണ് വീട്ടിലേക്ക് വഴിയില്ലാതെ കുടുങ്ങിയത്.
നിർമാണത്തിന്റെ ഭാഗമായി ദേശീയപാത മാത്രം പ്രത്യേകം വേർതിരിച്ച് കമ്പിവേലി കെട്ടി അതിർത്തി നിശ്ചയിക്കുകയാണ്. ഇതിന് സമീപത്ത് അപ്രോച് റോഡും തൊട്ടടുത്ത് ഓവുചാൽ നിർമാണവും നടക്കുകയാണ്. വളരെ ഉയരത്തിലുള്ള ഓവുചാൽ നിർമാണംമൂലം സമീപത്തെ വീടുകളിൽനിന്ന് ആളുകൾ പുറത്തിറങ്ങാൻ ബുദ്ധിമുട്ടുകയാണ്.
ചില വീടുകളുടെ മതിലിനോട് തൊട്ടുരുമ്മിയാണ് ഓവുചാൽ കടന്നുപോകുന്നത്. ദേശീയപാതയിൽനിന്ന് നാട്ടിൻപുറങ്ങളിലേക്ക് പോകുന്ന റോഡിലേക്ക് ഓവുചാലിന്റെ ഉയരക്കൂടുതൽ കാരണം വാഹനങ്ങൾ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയുമുണ്ട്. വീടിന് പുറമേ വ്യാപാരസ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും പ്രവർത്തിക്കുന്നുണ്ട്. വേനലവധി കഴിഞ്ഞാൽ കുട്ടികൾക്ക് സ്കൂളുകളിൽ പോകാൻ വഴിയില്ലാത്ത അവസ്ഥ വരും. അപ്രോച് റോഡുകളും പൊതുവഴികളും ദേശീയപാത വികസനത്തിന്റെ ഭാഗമായി പൂർണമായി അടഞ്ഞാൽ സ്വന്തം വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാതെവരും.
അപ്രോച് റോഡും പൊതുവഴിയും പുനഃസ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി തയാറാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.