നീലേശ്വരം: കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം നശിക്കുന്നു. അവകാശത്തർക്കംമൂലം സ്റ്റേഡിയം സംരക്ഷിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂമിയിൽ നിർമിച്ച സ്റ്റേഡിയം ഇതുവരെയും നഗരസഭക്ക് കൈമാറിയില്ല. മൈതാനത്ത് വെച്ചുപിടിപ്പിച്ച പച്ചപ്പുല്ല് ഉണങ്ങി നശിച്ചനിലയിലാണ്. സ്വിമ്മിങ് പൂളിലെ വെള്ളം പായൽ മൂടിക്കഴിഞ്ഞു. വോളിബാൾ മൈതാനവും 400 മീറ്റർ ഓടുന്ന ട്രാക്കും വെയിലും മഴയും കൊണ്ട് നശിക്കുന്നു. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെ നിയമസഭയിലേക്ക് അയച്ചതിന്റെ ഓർമക്കാണ് നീലേശ്വരത്ത് 19 കോടി മുടക്കി നിർമിച്ച ഇ.എം.എസ് സ്റ്റേഡിയം നിർമിച്ചത്.
ഉയർന്നതലത്തിലുള്ള ഒരു മത്സരത്തിനും സ്റ്റേഡിയം ഉപകരിക്കില്ലെന്ന വിമർശനവുമായി ഇപ്പോൾ കായികപ്രേമികൾ മുന്നോട്ടുവന്നിരിക്കുകയാണ്. ഉദ്ഘാടനം നടന്ന് ഒരു വർഷം കഴിഞ്ഞെങ്കിലും അവകാശം ആർക്കാണെന്നതിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. കൈമാറ്റം നടക്കാത്തതിനാൽ ഫുട്ബാൾ കോർട്ടിലെ ടർഫ് സംരക്ഷിക്കാതെ നശിക്കുകയാണ്. ഒരുവർഷത്തെ ബില്ല് കുടിശ്ശികയായി കിടക്കുന്നതുമൂലം വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. സ്വിമ്മിങ് പൂളിലെ വെള്ളം ഇതുവരെ മാറ്റിയിട്ടില്ല.
നഗരസഭക്കോ ബ്ലോക്ക് പഞ്ചായത്തിനോ?
സ്റ്റേഡിയത്തിന്റെ നടത്തിപ്പുചുമതല സംബന്ധിച്ച് ഇനിയും തീരുമാനമെടുക്കാത്തതാണ് നിലവിൽ ഏറ്റവും വലിയ പ്രതിസന്ധി. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ അധീനതയിലുണ്ടായിരുന്ന അഞ്ച് ഏക്കർ സ്ഥലത്താണ് ആധുനിക സ്റ്റേഡിയം നിർമിച്ചത്. ഇതിനാൽ ബ്ലോക്ക് പഞ്ചായത്തിന് തന്നെ സ്റ്റേഡിയം കൈമാറണമെന്നാണ് ഒരു വാദം. എന്നാൽ, തങ്ങളുടെ പരിധിയിൽപെട്ട സ്ഥലത്താണ് സ്റ്റേഡിയം നിൽക്കുന്നതെന്നതിനാൽ ചുമതല കൈമാറിക്കിട്ടണമെന്ന് നീലേശ്വരം നഗരസഭയും ആവശ്യമുന്നയിക്കുന്നുണ്ട്. ഇതിനു പുറമെ സ്പോർട്സ് കൗൺസിലിന് ചുമതല കൈമാറാനുള്ള സാധ്യതയും പരിശോധിക്കപ്പെടുന്നുണ്ട്.
ഇ.എം.എസ് സ്റ്റേഡിയം നഗരസഭക്ക് കൈമാറിയാൽ ഉത്തരവാദിത്തം ഏറ്റെടുക്കും. ഒരുമാസത്തിൽ സ്റ്റേഡിയം സംരക്ഷിക്കാൻ രണ്ടു ലക്ഷത്തോളം രൂപ ചെലവ് വേണ്ടിവരും. എത്രയും പെട്ടെന്ന് സർക്കാർ ഇതിൽ ഒരു തീരുമാനം കൈക്കൊള്ളണമെന്നാണ് നഗരസഭയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.