നീലേശ്വരം: വരുമാനത്തിലും യാത്രക്കാരുടെ വർധനയിലും ജില്ലയിൽ മുന്നിട്ടുനിൽക്കുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷന് അവഗണനയുടെ ചൂളംവിളി മാത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിലാണ് ഇന്നും റെയിൽവേ സ്റ്റേഷെൻറ പ്രവർത്തനം നടക്കുന്നത്.
നീലേശ്വരം നഗരസഭയായി ഉയർത്തിയിട്ട് ഒരു ദശകം കഴിഞ്ഞിട്ടും നഗരസഭ പരിധിയിലെ റെയിൽവേസ്റ്റേഷന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് യുക്തമായ നടപടികൾ റെയിൽവേ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. നൂറോളം യാത്രക്കാർക്ക് ടിക്കറ്റെടുക്കാൻ ഒരു കൗണ്ടർ മാത്രം. തിരക്കുമൂലം ടിക്കറ്റ് കിട്ടുമ്പോഴേക്കും ചിലപ്പോൾ ട്രെയിൻ സ്റ്റേഷൻ വിട്ടു പോയിട്ടുണ്ടാകും. റിസർവേഷൻ കൗണ്ടർ, ആധുനിക വിശ്രമകേന്ദ്രം, പാർസൽ റൂം എന്നിവ ഇല്ലെന്നു മാത്രമല്ല പകൽ സമയ ട്രെയിനുകൾ നിർത്തുന്നതിനാവശ്യമായ ജീവനക്കാരുടെ തസ്തികയും നീലേശ്വരത്തിന് അനുവദിച്ചു കിട്ടിയിട്ടില്ല.
റെയിൽവേയുടെ അധീനതയിലുള്ള 28 ഏക്കർ ഭൂമിയിൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിന് പാട്ടത്തിന് നൽകിയ എട്ടേക്കർ കഴിച്ച് ഇരുപതോളം ഏക്കർ ഭൂമിയിൽ റെയിൽ ട്രാക്കുകളും യാർഡുകളും നിർമിച്ച് കണ്ണൂരിൽ നിർത്തിയിടുന്ന ട്രെയിനുകൾ നീലേശ്വരം വരെ നീട്ടാവുന്നതാണ്. മെമു യാർഡ് നിർമിച്ചാൽ നീലേശ്വരം -കണ്ണൂർ, നീലേശ്വരം - മംഗലാപുരം ഷട്ടിൽ സർവിസ് ആരംഭിക്കാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തുന്നില്ല. കിഴക്കുഭാഗത്തു സ്ഥലസൗകര്യമുള്ളതുകൊണ്ട് അവിടെയും പുതിയ റെയിൽവേ സ്റ്റേഷൻ കെട്ടിടം നിർമിക്കുക സാധ്യമാണ്.
ഇപ്പോഴുള്ള റെയിൽവേ സ്റ്റേഷൻ കെട്ടിടം തന്നെ കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത വർഷങ്ങൾ പഴക്കമുള്ള ആദ്യ കെട്ടിടത്തോട് ചേർന്ന് നിർമിച്ചതാണ്. ഇപ്പോഴുള്ള റെയിൽവേ പ്ലാറ്റ് ഫോമിെൻറ തെക്കേ അറ്റത്തോട് ചേർന്ന് ഒരു നഗരസഭയ്ക്ക് ചേരുന്ന നിലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കേണ്ടത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.