നീലേശ്വരം: മാസങ്ങളായി ശുചീകരണ സംവിധാനം നിലച്ചതോടെ റെയിൽവേ സ്റ്റേഷനും പരിസരവും വൃത്തിഹീനമായി. അതുകൊണ്ടുതന്നെ പ്ലാറ്റ്ഫോമും ട്രാക്കും പരിസരവും മാലിന്യങ്ങൾകൊണ്ട് നിറഞ്ഞു. വർഷങ്ങളായി റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കുന്ന രണ്ട് സ്ത്രീ തൊഴിലാളികൾക്ക് കൂലി കൊടുക്കാത്തതിനാൽ ഇവർ ജോലിക്ക് വരാതെയായി.
തുച്ഛമായ ശമ്പളത്തിലാണ് ശുചീകരണം നടത്തിയിരുന്നത്. രണ്ട് മാസമായി ഇവരുടെ സേവനം ഇല്ലാതായിട്ട്. ഇതോടെ സ്റ്റേഷൻ പരിസരം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു. ഉപയോഗശൂന്യമായ രണ്ട് വെള്ള ടാങ്ക് പൈപ്പിെന്റ കീഴിലാണ് യാത്രക്കാർ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ തള്ളുന്നത്.
മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതുകൊണ്ട് ചില ദിവസങ്ങളിൽ കാഞ്ഞങ്ങാട് സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളെ കൊണ്ടുവന്ന് വൃത്തിയാക്കും. സ്ഥിരമായി തൊഴിലാളികളെ നിയമിച്ചാൽ മാത്രമേ നീലേശ്വരം റെയിൽവേ സ്റ്റേഷൻ മാലിന്യമുക്ത സ്റ്റേഷനായി മാറുകയുള്ളു. അതുകൊണ്ടുതന്നെ നിലവിലുണ്ടായിരുന്ന രണ്ട് സ്ത്രീ തൊഴിലാളികൾക്ക് മുടങ്ങിയ ശമ്പളം നൽകി വീണ്ടും നിയമിക്കാൻ റെയിൽവേ അധികൃതർ തയാറാകണമെന്നാണ് യാത്രക്കാർ പറയുന്നത്.
നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ ഇന്റർസിറ്റി എക്സ്പ്രസ് സ്റ്റോപ് ലഭ്യമായതോടെ എല്ലാ സമയത്തും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളിൽ വരുമാനം കുറവുള്ള സ്റ്റേഷനുകളുടെ ഗണത്തിൽതന്നെ ഉൾപ്പെടുത്തിയതുകൊണ്ടാണ് ശുചീകരണ സംവിധാനം നിലച്ചതെന്നും ബദൽ സംവിധാനം എത്രയും പെട്ടെന്ന് സജ്ജീകരിക്കാൻ റെയിൽവേ അധികൃതർ തയാറാകണമെന്നും നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
ശുചീകരണ സംവിധാനങ്ങളില്ലാത്തതിനാൽ നീലേശ്വരത്ത് എത്തുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് യാത്രക്കാർ സ്റ്റേഷനും പരിസരവും ശുചിത്വമുള്ളതും മാലിന്യമുക്തവും ആക്കാൻ സഹകരിക്കണമെന്ന അഭ്യർഥനയുള്ള അറിയിപ്പാണ്. മാത്രമല്ല ടിക്കറ്റ് കൗണ്ടറിലെ തിരക്ക് ഒഴിവാക്കുന്നതിന് ആഴ്ചകൾക്കുമുമ്പ് ആട്ടോമാറ്റിക്ക് ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് വ്യവസ്ഥകൾ പ്രകാരം വിരമിച്ച റെയിൽവെ ജീവനക്കാരെ ലഭിച്ചട്ടില്ല. ഇതുകാരണം മെഷീന്റെ പ്രവർത്തനം ആരംഭിക്കാനുമായിട്ടല്ല. ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കാരണം പല യാത്രക്കാർക്കും തീവണ്ടിയിൽ കയറിപ്പറ്റാനാകാത്ത അവസ്ഥയാണുള്ളത്.
റെയിൽവേ സ്റ്റേഷനോടു തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് റെയിൽവേ വികസന ജനകീയ കൂട്ടായ്മ പ്രസിഡന്റ് നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ.വി. സുനിൽരാജ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.