നീലേശ്വരം: ഒരാഴ്ച മുമ്പാണ് ആ വിവരം ലഭിച്ചത്. നിറയെ സ്പിരിറ്റുമായി ഒരു ലോറി വരുന്നുണ്ടെന്ന രഹസ്യസന്ദേശം. അതിർത്തി കടന്ന് ലോറി വരുന്നുണ്ടെന്നറിഞ്ഞതോടെ കാസർകോട് എക്സൈസ് സ്ക്വാഡിന് പിന്നെ ഉറക്കമില്ലാത്ത നാളുകൾ. ഏത് ലോറിയിൽ എങ്ങനെ എപ്പോ വരുമെന്ന് ഒരു ധാരണയുമില്ല. അതിനാൽ, രാപ്പകൽ നീണ്ട പരിശോധനയാണ് നടത്തിയത്.
എൻഫോഴ്സ്മെൻറും ആൻറി നർകോട്ടിക് സെല്ലിനും ഊണും ഉറക്കമില്ലാത്ത ദിവസങ്ങൾ എന്നത് അക്ഷരാർഥത്തിൽ ശരിവെച്ചദിനങ്ങൾ. വലവിരിച്ച് 24 മണിക്കൂറും ഇവർ കാത്തുനിന്നു. അതിർത്തി തലപ്പാടി മുതൽ മഫ്തിയിൽ ഒറ്റക്കും സംഘമായും ലോറിക്ക് വേണ്ടി കണ്ണിലെണ്ണയൊഴിച്ചായിരുന്നു ആ നിൽപ്. അതിനിടെ, മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറികൾ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. ഡ്രൈവർമാരറിയാതെ നടത്തിയ പരിശോധനയിൽ സ്പിരിറ്റ് ലോറി തിരിച്ചറിഞ്ഞു. പിന്നീട് ലോറിയെ പിന്തുടർന്നുള്ള യാത്ര.
മഞ്ചേശ്വരത്തുനിന്ന് നീലേശ്വരം വരെ സ്വകാര്യ വാഹനത്തിലും മഫ്തിയിലുമായി എക്സെസ് സംഘം ലോറിയെ പിന്തുടർന്നു. ലോറി ഡ്രൈവർമാർ ചായ കുടിക്കാൻ തട്ടുകടയിൽ കയറുേമ്പാൾ മഫ്തിയിലുള്ള സംഘം തൊട്ടടുത്ത കടയിൽ കയറും. വീണ്ടും ലോറി സ്റ്റാർട്ടാക്കി മണിക്കൂറോളം പിന്തുടർന്ന് യാത്ര.
പടന്നക്കാട് മേൽപാലത്തിന് മുകളിൽ െവച്ച് ലോറി തടയാൻ ആലോചിച്ചുവെങ്കിലും അപകടം ഓർത്ത് വേണ്ടന്നുെവച്ചു. ഒടുവിൽ നീലേശ്വരം പള്ളിക്കരയിൽ എത്തി. റെയിൽവേ മേൽപാലം നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ ഇടുങ്ങിയ ഒരു വരി റോഡിൽ മാത്രം കഷ്ടിച്ചുപോകുന്ന വഴിയാണ്. മണിക്കൂറുകൾ പിന്തുടർന്ന് ലോറി പള്ളിക്കരയിൽ എത്തുമ്പോഴേക്കും പുലർച്ചെ 2.30. നിമിഷ നേരംകൊണ്ട് മറികടന്ന് എക്സൈസ് വാഹനം ലോറിക്ക് മുന്നിൽ നിർത്തിയിട്ടു.
15 അംഗ എക്സൈസ് സംഘം ലോറി വളഞ്ഞ് ഡ്രൈവർ സൈനുദ്ദീനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ലോറി പരിശോധിച്ചപ്പോഴാണ് പെയിൻറിങ് ലോഡിനിടയിൽ സ്പിരിറ്റ് കന്നാസുകളിലാക്കിയും മദ്യക്കുപ്പി കവറുകളിൽ അടുക്കിെവച്ചനിലയിലും കണ്ടത്. അടുത്ത കാലത്തായി ജില്ലയിൽ നടന്ന എറ്റവും വലിയ സ്പിരിറ്റ് മദ്യവേട്ട കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.