തൃക്കരിപ്പൂർ: പേക്കടത്തെ എൻ. സുരേന്ദ്രന്റെ വീട്ടിൽ കിളിക്കൊഞ്ചലുമായി ഇനി പൊന്നൂട്ടിയില്ല. മൂന്നുവർഷം മുമ്പ് കൂട്ടെത്തിയ ചിന്നുവിനെ തനിച്ചാക്കി പൊന്നൂട്ടി ഓർമയായി. സന്താനങ്ങളില്ലാത്ത കുടുംബത്തിലെ മോളായിരുന്നു പൊന്നൂട്ടി എന്ന Australian parrot. അതിനോടുള്ള സ്നേഹവാത്സല്യത്താൽ വീടിനും കാറിനുംവരെ അവളുടെ പേരാണ്. വീട്ടിലെ കമ്പ്യൂട്ടർ നിറയെ അവളുടെ ചിത്രങ്ങളാണ്. 14 വർഷമായി ‘പൊന്നൂട്ടി’യിലെ അരുമയായ ഈ ഓമനത്തത്ത ഏതാനും നാളായി പ്രായത്തിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി ആഹാരം കഴിക്കാൻ വിമുഖത കാണിച്ചപ്പോൾ സുരേന്ദ്രനും ഭാര്യ രാധാമണിയും പാട്ടുപാടിയാണ് അനുനയിപ്പിച്ചത്. പിന്നീടവൾ ബദാം പരിപ്പ് കഴിച്ച് കണ്ണടച്ചതാണ്.
പിറ്റേന്ന് പുലർച്ച തലയിണക്കരികെ വന്ന് ചെവിയിൽ ഇക്കിളികൂട്ടി വിളിക്കാൻ അവൾ വന്നില്ല. പൊന്നൂട്ടീ...യെന്ന വിളി അവൾ കേട്ടതുമില്ല. അവളുടെ കൂട്ടായ ചിന്നു തത്തയും മൗനിയായി. വീടാകെ മൂകമായി. വീട്ടിലെ ‘മകളുടെ’ വിയോഗമറിഞ്ഞ് ബന്ധുക്കളുടെ ആശ്വാസവാക്കുകളെത്തി. പക്ഷേ, അവർക്കും വാക്കുകളിടറി. സുരേന്ദ്രന്റെ മാതാവ് മാധവിയുടെയും അരുമകളായിരുന്നു ഈ കിളികൾ. മരണംവരെ അവർക്കും പേരമക്കളായിരുന്നു ഈ അരുമകൾ.
ചന്ദനത്തിരിയുടെ സുഗന്ധത്തിൽ, ഒറ്റത്തിരിയിട്ട നിലവിളക്കിന് മുന്നിൽ പട്ടുതുണിയിൽ കിടത്തിയാണ് പൊന്നൂട്ടിയെ യാത്രയാക്കിയത്. പൊന്നൂട്ടി പോയതിൽ പിന്നെ ചിന്നുവും ദുഃഖത്തിലാണ്. ഇനി, ചിന്നുവിനൊരു കൂട്ടുതേടിയുള്ള അന്വേഷണത്തിലാണ് സുരേന്ദ്രനും കുടുംബവും. അതൊന്നും പക്ഷേ, പൊന്നൂട്ടിക്ക് പകരമാവില്ലെന്ന് നൊമ്പരത്തോടെ അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.