വ്യാജ ഫേസ്​ബുക്ക് അക്കൗണ്ടുകൾ പെരുകുന്നു; മുന്നറിയിപ്പുമായി പൊലീസ്

ആലുവ: വ്യാജ ഫേസ്​ബുക്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് പൊലീസിലേക്ക് പരാതിപ്രവാഹം. കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ ഇരുനൂറ്റിഅമ്പതോളം പരാതികളാണ് റൂറൽ പൊലീസിന് ലഭിച്ചത്.

യഥാർഥ അക്കൗണ്ടിൽനിന്ന് ഫോട്ടോയെടുത്ത് 'വിരുതന്മാർ' ഒറിജിനലിനെ വെല്ലുന്ന വ്യാജ അക്കൗണ്ടുകളാണ് നിർമിക്കുന്നത്. സ്ത്രീകളും സർക്കാർ ജീവനക്കാരുമാണ് കൂടുതലായും ബലിയാടാകുന്നത്. ഇങ്ങനെ വ്യാജ അക്കൗണ്ട് തുടങ്ങുന്നവർ യഥാർഥ അക്കൗണ്ടുകാരുടെ സെലക്ട് ചെയ്ത സുഹൃത്തുക്കളുമായി 'ചങ്ങാത്തം' തുടങ്ങും. ആദ്യമാദ്യം സ്വാഭാവികമായും സൗഹാർദപരമായായിരിക്കും ചാറ്റിങ്. പിന്നീട് അശ്ലീല മെസേജുകളുടെ പെരുമഴയായിരിക്കും.

ഇതി​െൻറ യാഥാർഥ്യം യഥാർഥയാൾ അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഭൂരിഭാഗത്തിനും പരിഹാരം കണ്ടിട്ടുണ്ടെന്നും റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ചാരിറ്റിയുടെ മറവിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ചാരിറ്റിക്കുവേണ്ടി പണം അഭ്യർഥിക്കുന്ന സംഭവം പതിവാണ്. ഉദ്യോഗസ്ഥ​െൻറ വിശ്വാസ്യത മുതലെടുത്താണ് ഇത്തരം തട്ടിപ്പ്​ നടക്കുന്നത്.

ഉയർന്ന ഉദ്യോഗസ്ഥരടക്കം പലരുടെയും അക്കൗണ്ടുകൾ ഇങ്ങനെ വ്യാജമായി നിർമിച്ചിട്ടുണ്ട്. ഒരുപാടുപേർക്കാണ് ഇത്തരത്തിൽ പണം നഷ്​ടമായത്. ഫേസ്ബുക്കി​െൻറ പാസ്​വേഡ് സ്വന്തം മൊബൈൽ നമ്പർ നൽകിയിട്ടുള്ളവരുടെ അക്കൗണ്ടുകളാണ് കൂടുതൽ ഹാക്ക് ചെയ്ത് ഉപയോഗിക്കുന്നതെന്നും കൂടുതൽ സുരക്ഷിതമായ പാസ്​വേഡ് ഉപയോഗിക്കണമെന്നും എസ്.പി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.