കുളത്തിൽ മുങ്ങിമരിച്ച വിദ്യാർഥിയുടെ മൃതദേഹം കരക്കെത്തിക്കുന്നു

വിദ്യാർഥികളുടെ മുങ്ങിമരണം; കണ്ണീരണിഞ്ഞ് കുന്നത്തേരി

ആലുവ: വിദ്യാർഥികളുടെ മരണവാർത്തയെത്തുടർന്ന് കണ്ണീരണിഞ്ഞ് കുന്നത്തേരി ഗ്രാമം. കൂട്ടുകാരായ രണ്ടുപേരാണ് കുളിക്കുന്നതിനി​െട മുങ്ങിമരിച്ചത്. കുന്നത്തേരിയോട് ചേർന്ന് കളമശ്ശേരി നഗരസഭ പരിധിയിലെ എലഞ്ഞിക്കുളത്തിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.

തോട്ടത്തിൽ പറമ്പിൽ മുജീബി​െൻറ മകൻ അബ്​ദുൽ റഹ്​മാൻ (13), ആലുങ്കപ്പറമ്പിൽ ഫിറോസി​െൻറ മകൻ ഫർദീൻ (13) എന്നിവരാണ് മരിച്ചത്. ഇരുവരും ആറുമണിയോടെയാണ് കുളിക്കാനെത്തിയത്. ഈ സമയം സമീപ പ്രദേശങ്ങളിലുള്ള മറ്റു ചില കുട്ടികളും ഇവിടെയുണ്ടായിരുന്നു. നീന്തലറിയാത്ത അബ്​ദുൽ റഹ്​മാൻ സേഫ്​ടി റിങ്ങിൽ കിടക്കുകയായിരുന്നു.

ഫർദീൻ കരയിൽനിന്ന് കുളത്തിലേക്ക് ചാടി കളിച്ചുകൊണ്ടിരുന്നു. പലതവണ ചാടിയ ഫർദീൻ ക്ഷീണംകൊണ്ട് കുളത്തിലേക്ക് താഴ്ന്നു. ഇതിനിടയിൽ രക്ഷപ്പെടാൻ സേഫ്ടി റിങ്ങിൽ പിടിച്ചതോടെ അബ്​ദുൽ റഹ്​മാനും മുങ്ങുകയായിരു​െന്നന്നാണ് അറിയുന്നത്. നേരത്തേ കുളികഴിഞ്ഞ് കരയിൽ കയറിയിരുന്ന കുട്ടികൾ പേടിച്ച് ഒച്ച​െവച്ചു. ഉടൻ സമീപത്തുണ്ടായിരുന്ന ഒരാൾ വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് അപകട വിവരം കൈമാറി. ഉടൻ കുന്നത്തേരി കവലയിലും മറ്റമുണ്ടായിരുന്നവർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ഇരുവരെയും മുങ്ങിയെടുത്ത് സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടികളുടെ മരണ വിവരമറിഞ്ഞതോടെ ഗ്രാമം മൂകമായി. രാത്രി വൈകിയും കവലയിലും പരിസരങ്ങളിലും ആളുകൾ തടിച്ചുകൂടി. ഫർദീ​െൻറ പിതാവ് ഫിറോസ് ഖത്തറിലാണ്. അബ്​ദുൽ റഹ്​മാ​െൻറ പിതാവ് മുജീബ് പുളിഞ്ചോട് മെട്രോ സ്​റ്റേഷന് സമീപം ഹോട്ടൽ നടത്തുകയാണ്.

വില്ലനായത് പായലും ചളിയും

ആലുവ: കുളത്തിലെ പായലും ചളിയുമാണ് അപകടത്തിൽ വില്ലനായതെന്ന് കരുതുന്നു. കളമശ്ശേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് ഇലഞ്ഞിക്കുളം. ചൂർണിക്കര പഞ്ചായത്ത്​ അതിർത്തിയോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.

2017ൽ ജില്ല ഭരണകൂടം ആവിഷ്‌കരിച്ച 'അമ്പതുദിനം, നൂറുകുളം' പദ്ധതിയിൽപെടുത്തി വൃത്തിയാക്കിയതാണ്. നാലുവർഷമായതിനാൽ കുളത്തിനടിയിലെ പായൽ, ചളി എന്നിവ നിറഞ്ഞിട്ടുണ്ട്. ക്ഷീണിതനായ ഫർദീന് ഇതുമൂലം മുകളിലേക്ക് ഉയരാൻ പറ്റിക്കാണില്ലെന്നാണ് കരുതുന്നത്.

Tags:    
News Summary - Student drown died; Kunnatheri burst into tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.